ഒളിംപിക്‌സിന്റെ മെഡൽ പ്രതീക്ഷയായ അമ്പെയ്ത്തിൽ നേട്ടവുമായി ടീം ഇന്ത്യ. ഇന്നലെ അമ്പെയ്ത്തിൽ മത്സരിച്ച ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. പുരുഷ വിഭാഗത്തിൽ ധീരജ് നാലാം സ്ഥാനത്തെത്തിയതോടെ താരവും ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. 681 പോയിന്റ് നേടിയാണ് ധീരജ് നാലാം സ്ഥാനത്തെത്തിയത്. അതേസമയം 674 പോയിന്റ് നേടിയ തരുൺദീപ് റായിക്ക് 14ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു.
658 പോയിന്റ് നേടിയ പ്രവീൺ യാദവ് 39ാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 1347 പോയിന്റ് നേടിയ മിക്‌സഡ് ടീം അഞ്ചാം സ്ഥാനവും നേടി. 2013 പോയിന്റ് നേടിയാണ് പുരുഷ ടീം ക്വാർട്ടർ ഉറപ്പിച്ചത്. ഒളിംപിക് ചാംപ്യനടക്കമുള്ള ടീമിനെ തോൽപിച്ചാണ് ഇന്ത്യൻ പുരുഷ ടീം ക്വാർട്ടറുപ്പിച്ചത്. നാലാമതെത്തിയാണ് ഇന്ത്യൻ വനിതാ ടീം നേരിട്ട് ക്വാർട്ടറിൽ ഇടം പിടിച്ചത്. അങ്കിത ഭഗത്, ദീപിക കുമാരി, ഭജൻ കൗർ എന്നിവരടങ്ങിയ ഇന്ത്യൻ ടീം 1983 പോയിന്റ് നേടിയാണ് ക്വാർട്ടറുപ്പിച്ചത്.
ഫ്രാൻസ്-നെതർലൻഡ്‌സ് പ്രീക്വാർട്ടർ മത്സരത്തിലെ വിജയികളേയാണ് ഇന്ത്യ ക്വാർട്ടറിൽ നേരിടുക. ജൂലൈ 28ന് വൈകിട്ട് 5.45നാണ് ഇന്ത്യയുടെ മത്സരം. ക്വാർട്ടറിൽ ജയിച്ചാൽ ലോക ചാംപ്യന്മാരും ഒളിംപിക് ചാംപ്യന്മാരുമായ ദക്ഷിണ കൊറിയ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ.
വനിതകളുടെ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ അങ്കിതാ ഭഗത് ആദ്യ റൗണ്ടിൽ 54ാം റാങ്ക് താരമായ പോളണ്ടിന്റെ മൈസൂർ വയലെറ്റയെ നേരിടും ഭജൻ കൗർ 43ാം റാങ്ക് താരം ഇന്തോനേഷ്യയുടെ സൈഫ നുറഫില കമാലിനെ നേരിടും. ഒന്നാം റൗണ്ട് പിന്നിട്ടാൽ ഇരുവരും രണ്ടാം റൗണ്ടിൽ നേർക്കുനേർ വരാൻ സാധ്യതയുണ്ട്. ജൂലൈ 30നാണ് ഇവരുടെ ആദ്യ റൗണ്ട് മത്സരങ്ങൾ.
42ാം റാങ്കുകാരി എസ്‌തോണിയയുടെ റീന പർണാതാണ് ദീപിക കുമാരിയുടെ ആദ്യ റൗണ്ട് എതിരാളി. റാങ്കിങ്ങിൽ രണ്ടാമതെത്തിയ കൊറിയൻ താരം നാം സുഹിയോനെയാകും ആദ്യ രണ്ട് റൗണ്ടുകൾ പിന്നിട്ടാൽ പ്രീ ക്വാർട്ടറിൽ ദീപിക നേരിടേണ്ടി വരിക.
കൊറിയയുടെ ലിം സിപിയോൻ ലോക റെക്കോർഡ് പ്രകടനത്തോടെ ഒന്നാം റാങ്ക് നേടി. റാങ്കിങ്ങിൽ ലിം നേടിയ 694 പോയിൻറാണ് പുതിയ ലോക റെക്കോർഡ്.അമ്പെയ്ത്ത് റാങ്കിങ് മത്സരം അവസാനിച്ചപ്പോൾ ഇന്ത്യൻ ആർച്ചർ അങ്കിത കുമാരി റാങ്കിങ്ങിൽ 11ാമതായി ഫിനിഷ് ചെയ്തു. ഭജൻ കൗർ 22ാം റാങ്കും ദീപിക കുമാരി 23ാം റാങ്കും നേടി. ടീമിനത്തിൽ ഇന്ത്യ കൊറിയക്കും ചൈനക്കും മെക്‌സിക്കോയ്ക്കും പിന്നിൽ നാലാമതായി ഫിനിഷ് ചെയ്തു.