ലാലിഗയിൽ ബാഴ്‌സലോണക്ക് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ലാൽപാമസായിരുന്നു കാറ്റാലൻമാരെ തോൽപിച്ചത്. 2-1 എന്ന സ്‌കോറിനായിരുന്നു ബാഴ്‌സയുടെ തോൽവി. മത്സരത്തിൽ 71 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് ബാഴ്‌സലോണ ആയിരുന്നെങ്കിലും മത്സരത്തിൽ ജയം നേടാൻ അവർക്കായില്ല. 27 ഷോട്ടുകളായിരുന്നു ബാഴ്‌സ എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
അതിൽ എട്ട് എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. എന്നാൽ അഞ്ച് ഷോട്ട് മാത്രമാണ് ലാസ് പാമാസ് തൊടുത്തത്. അതിൽ മൂന്ന് എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. 49ാം മിനിട്ടിൽ സാന്ദ്രോ റാമിറസ് പാമാസിനായി ആദ്യ ഗോൾ നേടി ബാഴ്‌സയെ സമ്മർദത്തിലാക്കി.
ഒരു ഗോൾ വഴങ്ങിയതോടെ ശ്രദ്ധിച്ച് കളിച്ച ബാഴ്‌സലോണ അധികം വൈകാതെ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമം നടത്തി. 61ാം മിനുട്ടിൽ റഫീഞ്ഞയായിരുന്നു ബാഴ്‌സക്കായി ലക്ഷ്യം കണ്ടത്. എന്നാൽ സമനിലക്ക് അധിക ആയുസുണ്ടായില്ല. 67ാം മിനുട്ടിൽ പാമാസ് രണ്ടാം ഗോളും നേടി ലീഡ് നേടി. ഫാബിയോ സിൽവയായിരുന്നു രണ്ടാം ഗോൾ നേടിയത്.
പിന്നീട് സമനിലക്കായി ബാഴ്‌സലോണ പലവട്ടം പാമാസിന്റെ ഗോൾകീപ്പറെ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 15 മത്സരത്തിൽനിന്ന് 34 പോയിന്റുള്ള ബാഴ്‌സ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 13 മത്സരത്തിൽനിന്ന് 30 പോയിന്റുള്ള റയൽ മാഡ്രിഡ് തൊട്ടുപിറകിലുണ്ട്. ഇന്ന് രാത്രി 8.45ന് നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ഗറ്റാഫയെ നേരിടും.