• Home
  • Football
  • ഡ്യൂറണ്ട് കപ്പിന് നാളെ കിക്കോഫ്: കേരള ബ്ലാസ്റ്റേഴ്‌സിന് കോളടിച്ച് മുംബൈ സിറ്റിയുടെ പ്രഖ്യാപനം
Football

ഡ്യൂറണ്ട് കപ്പിന് നാളെ കിക്കോഫ്: കേരള ബ്ലാസ്റ്റേഴ്‌സിന് കോളടിച്ച് മുംബൈ സിറ്റിയുടെ പ്രഖ്യാപനം

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നാലാം മത്സരത്തിനിറങ്ങും
Email :78

ഡ്യൂറണ്ട് കപ്പിന്റെ 133ാം പതിപ്പിന് നാളെ കൊൽക്കത്തയിൽ അരങ്ങുണരുകയാണ്. ഗ്രൂപ്പ് ഡിയിൽ ഉൾപ്പെട്ട കേരള ബ്ലാസ്‌റ്റേഴ്‌സ് അരയും തലയും മുറുക്കിയാണ് ഇത്തവണ ഡ്യൂറണ്ട് കപ്പിനായി കൊൽക്കത്തയിലെത്തുന്നത്. തായ്‌ലൻഡിൽ പ്രീ സീസൺ മത്സരങ്ങളിൽ മുഴുകിയിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് നാലാം മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങുകയാണ്.
തായ്‌ലൻഡിൽ കളിച്ച മൂന്ന് സന്നാഹ മത്സരത്തിൽ ഒന്നിൽ തോൽക്കുകയും രണ്ടെണ്ണത്തിൽ മികച്ച ജയം സ്വന്തമാക്കുകയും ചെയ്ത ബ്ലാസ്‌റ്റേഴ്‌സ് മികച്ച നിലവാരം പുലർത്തിയാണ് ഡ്യൂറണ്ട് കപ്പിനായി നാട്ടിലേക്ക് മടങ്ങുക.

ഇപ്പോൾ മുംബൈ സിറ്റി എഫ്.സിയുടെ പ്രഖ്യാപനണാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്. മുംബൈ സിറ്റി അവരുടെ റിസർവ് ടീമിനെയാകും ഡ്യൂറണ്ട് കപ്പിനായ അയക്കുക എന്നായിരുന്നു കഴിഞ്ഞ ദിവസം മുംബൈ സിറ്റി എഫ്.സി മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്. ഗ്രൂപ്പ് സിയിൽ മുംബൈ സിറ്റി, പഞ്ചാബ് എഫ്.സി, സി.ഐ.എസ്.എഫ് എന്നിവർക്കൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനമുള്ളത്.

ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈയായിരുന്നു ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളി ഉയർത്തുന്ന ടീം. അവർ റിസർവ് ടീമിനെ അയക്കുന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന് സമ്മർദമില്ലാതെ ഗ്രൂപ്പ്ഘട്ടം കടക്കാനാകും. അഡ്രിയാൻ ലൂണ ഉൾപ്പെടെയുള്ള സീനിയർ താരനിരയുമായിട്ടാണ് ഇത്തവണ കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയിലെത്തുന്നത്. നാളെ വൈകിട്ട് ആറിന് കൊൽക്കത്തൻ വമ്പൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സും ഡൗൺടൗൺ ഹീറോസും തമ്മിലുള്ള മത്സരത്തോടെയാണ് ഡ്യൂറണ്ട് കപ്പിന് തുടക്കമാകുന്നത്. കൊൽക്കത്തയിൽനിന്നുള്ള ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും എ ഗ്രൂപ്പിലാണ് ഇടം നേടിയിട്ടുള്ളത്.

അതിനാൽ ഫുട്‌ബോൾ ആസ്വാദകർക്ക് ഗ്രൂപ്പ്ഘട്ടത്തിൽ മികച്ചൊരു കൊൽക്കത്ത ഡർബിക്ക് സാക്ഷ്യം വഹിക്കാനാകും. ആഗസ്റ്റ് നാലിന് പഞ്ചാബ് എഫ്.സിക്കെതിരേയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടൂർണമെന്റിലെ ആദ്യ മത്സരം. ഇന്ന് തായ്‌ലൻഡിൽ നടക്കുന്ന പ്രീ സീസൺ മത്സരത്തിന് ശേഷം മഞ്ഞപ്പട ഉടൻ നാട്ടിലേക്ക് തിരിക്കും. ഇന്ന് വൈകിട്ട് നാലിന് തായ്‌ലൻഡ് ക്ലബായ മറലീന എഫ്.സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ തായ്‌ലൻഡിലെ അവസാന പ്രീ സീസൺ മത്സരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts