ഒളിംപിക്‌സ് ഹോക്കിയുടെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് സമനില. ഇന്ന് നടന്ന മത്സരത്തിൽ അർജന്റീനയാണ് ഇന്ത്യയെ സമനിലയിൽ തളച്ചത്. 1-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപിച്ച ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലായിരുന്നു കളത്തിലിറങ്ങിയത്. എന്നാൽ ആദ്യം അർജന്റീനയായിരുന്നു ഗോൾ നേടിയത്.
ഇരു ടീമുകളും ശക്തമായി പോരാടിയെങ്കിലും ആദ്യ ക്വാർട്ടർ ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം ക്വാർട്ടറിലായിരുന്നു അർജന്റീനയുടെ ഗോൾ വന്നത്. 22ാം മിനുട്ടിൽ ലൂക്കാസ് മാർട്ടിനെസായിരുന്നു അർജന്റീനക്കായി ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ അർജന്റീന ഇന്ത്യൻ പോസ്റ്റ് ലക്ഷ്യമാക്കി അക്രമം കടുപ്പിച്ചു. എന്നാൽ ഗോൾകീപ്പർ ശ്രിജേഷും മറ്റു താരങ്ങളും ഉറച്ചു നിന്നതോടെ അർജന്റീനയുടെ ഓരോ ഗോൾശ്രമങ്ങളും വിഫലമായി.
മത്സരം അവസാനിക്കാനിരിക്കെയായിരുന്നു ഇന്ത്യയുടെ സമനില ഗോൾ വന്നത്. 58ാം മിനുട്ടിൽ ക്യാപ്റ്റൻ പെനാൽറ്റി കോർണറിൽനിന്ന് ഹർമൻപ്രീത് സിങ്ങായിരുന്നു ഇന്ത്യയുടെ സമനില ഗോൾ അർജന്റീനയുടെ പോസ്റ്റിലെത്തിച്ചത്.
പൂൾ ബിയിലെ മൂന്നാം മത്സരത്തിൽ അയർലൻഡാണ് ഇന്ത്യയുടെ അടുത്ത എതിരാളി. പൂൾ ബി യിലെ രണ്ട് മത്സരത്തിലും തോറ്റ് എത്തുന്ന അയർലൻഡ് ഇന്ത്യക്ക് ഭീഷണി ഉയർത്തില്ലെങ്കിലും ശ്രദ്ധയോടെ കരുക്കൾ നീക്കിയാൽ ഇന്ത്യക്ക് ക്വാർട്ടർ പ്രതീക്ഷയുണ്ട്. ബൂൾ ബിയിൽ നിലവിൽ നാലു പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.