പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ചു
വെള്ളിയാഴ്ച അഡലെയ്ഡിൽ ആസ്‌ത്രേലിയക്കെതിരേയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ ജയിച്ച് കയറി ഇന്ത്യ. പരുക്കുമാറി തിരിച്ചെത്തിയ ഗില്ല് അർധ സെഞ്ചുറി നേടിയ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ വന്നതും പോയതും പെട്ടെന്നായിരുന്നു. ആദ്യം ബാറ്റു ചെയ്ത പ്രൈം മിനിസ്റ്റേഴ്‌സ് ഇലവൻ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ 42.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ എത്തി.
ശുഭ്മൻ ഗിൽ 62 പന്തിൽ 50 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി യശസ്വി ജയ്‌സ്വാളും കെ.എൽ രാഹുലും മികച്ച തുടക്കമാണു നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 75 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 59 പന്തുകൾ നേരിട്ട ജയ്‌സ്വാൾ 45 റൺസാണു നേടിയത്. 27 റൺസെടുത്ത രാഹുൽ ബാറ്റിങ് അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. എന്നാൽ പിന്നാലെയെത്തിയ രോഹിത് ശർമയ്ക്കു തിളങ്ങാൻ സാധിച്ചില്ല.
മൂന്നു റൺസ് മാത്രമെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ, ആൻഡേഴ്‌സന്റെ പന്തിൽ പുറത്തായി.അർധ സെഞ്ചുറിക്കു പിന്നാലെ ഗില്ലും മടങ്ങി. നിതീഷ് കുമാർ റെഡ്ഡി (32 പന്തിൽ 42), വാഷിങ്ടൻ സുന്ദർ (26 പന്തിൽ 31), രവീന്ദ്ര ജഡേജ (31 പന്തിൽ 27) എന്നിവരും സ്‌കോർ കണ്ടെത്തി. വിരാട് കോഹ്‌ലി ബാറ്റിങ്ങിന് ഇറങ്ങിയില്ല. 43-ാം ഓവറിൽ വിജയ റൺസ് കുറിച്ച ഇന്ത്യ 46 ഓവറും ബാറ്റു ചെയ്ത ശേഷമാണ് ഡ്രസിങ് റൂമിലേക്കു മടങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യാനിറങ്ങിയ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവൻ 43.2 ഓവറിൽ 240 റൺസെടുത്തു. 19 വയസുകാരൻ സാം കൊൻസ്റ്റാസ് സെഞ്ചുറി നേടി. 97 പന്തുകൾ നേരിട്ട താരം 107 റൺസെടുത്തു പുറത്തായി. ഹന്നോ ജേക്കബ്‌സ് (60 പന്തിൽ 61), ജേക് ക്ലെയ്റ്റൻ (52 പന്തിൽ 40) എന്നിവരും ഇന്ത്യയ്‌ക്കെതിരെ തിളങ്ങി. ഹർഷിത് റാണ നാലും ആകാശ്ദീപ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർക്കും ഓരോ വിക്കറ്റു വീതമുണ്ട്. ദ്വിദിന സന്നാഹ മത്സരത്തിലെ ആദ്യ ദിവസം മഴ കാരണം ഒരു പന്തുപോലും എറിയാൻ സാധിച്ചിരുന്നില്ല. രണ്ടാം ദിവസം 46 ഓവറായി മത്സരം വെട്ടിച്ചുരുക്കുകയായിരുന്നു. സന്നാഹത്തിൽ ജയിച്ചതോടെ ഓസീസിനെതിരേയുള്ള മത്സരത്തിൽ ഇന്ത്യക്ക് ചെറിയ ആത്മവിശ്വാസം ലഭിക്കും. പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇപ്പോൾ 1-0ത്തിന് മുന്നിലാണ്.