ഒളിംപിക്‌സ് ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ജോടികളായ സാത്വിക് സായ്‌രാജ് -റാങ്കി റെഡ്ഡിയും ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച സഖ്യം, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരായി മാറി. ഇന്നലെ ഗ്രൂപ്പ് ഘട്ടത്തിൽ നടക്കേണ്ടിയിരുന്ന ഇവരുടെ രണ്ടാം മത്സരത്തിലെ എതിരാളി പിൻമാറിയതോടെയാണ് ഇരുവരും ക്വാർട്ടർ ഉറപ്പിച്ചത്.
എതിരാളികളായ ജർമൻ സഖ്യത്തിലെ മാർക് ലാംസ്ഫുസ് പരുക്കേറ്റതിനു പിന്നാലെയാണ് ക്വാർട്ടർ പ്രവേശം. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുമെന്നിരിക്കെയാണ് നാലു ടീമുള്ള സി ഗ്രൂപ്പിൽ നിലവിൽ രണ്ടാമതെങ്കിലും സ്ഥാനം ഉറപ്പിച്ച ഇവർ ചരിത്രം കുറിച്ചത്. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷനാണ് ലാംസ്പുസ്സിന്റെ പിൻമാറ്റം അറിയിച്ചത്.
നേരത്തേ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യൻ സഖ്യം ഫ്രഞ്ച് സഖ്യത്തെ നേരിട്ടുള്ള രണ്ടു ഗെയിമുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. 21-17, 21-14 എന്ന സ്‌കോറിനായിരുന്നു ജയം. ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ ഇവർ ഇന്ന് ഗ്രൂപ്പ് ചാംപ്യൻമാരാവാനുള്ള പോരാട്ടത്തിൽ ഇന്തോനേഷ്യൻ സഖ്യത്തെ നേരിടും. ഇരുടീമും ആദ്യ മത്സരം ജയിച്ചതോടെ ഇന്നത്തെ മത്സരം ഗ്രൂപ്പ് ചാംപ്യൻമാരെ നിർണയിക്കും.
ഇന്ന് മികച്ച പ്രകടനം പുറത്തെടുത്ത് ക്വാർട്ടറിൽ ദുർബലരെ നേരിടാനുള്ള തയാറെടുപ്പിലാണ് ഇരുടീമും. അതേസമയം വനിതാ ഡബിൾസിൽ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ തനിഷ ക്രാസ്റ്റോ സഖ്യം തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ ജാപ്പനീസ് സഖ്യമായ നമി മറ്റ്‌സുയാമ ചിഹാറു ഷിഡയോട് നേരിട്ടുള്ള രണ്ട് ഗെയിമുകൾക്കാണ് പരാജയം. സ്‌കോർ: 11-21, 12-21. ഇതോടെ വനിതാ ഡബിൾസിൽ ഇന്ത്യയുടെ ക്വാർട്ടർ സാധ്യത മങ്ങി.