ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജയത്തോടെ തിരിച്ചുവന്ന് ബ്രസീൽ. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ചിലിയെയാണ് ബ്രസീൽ തോൽപിച്ചത്. 2-1 എന്ന സ്‌കോറിനായിരുന്നു കാനറികളുടെ ജയം. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽതന്നെ ചിലി ഗോൾ നേടിയെങ്കിലും ബ്രസീൽ ശക്തമായി തിരിച്ചു വന്ന് ജയം നേടുകയായിരുന്നു. എഡ്വാഡോ വർഗാസായിരുന്നു ചിലിക്കായി ഗോൾ നേടിയത്. ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ബ്രസീൽ ശക്തമായി നീക്കങ്ങൾ നടത്തി.
ഒടുവിൽ ആദ്യ പകുതിയിൽ തന്നെ ബ്രസീൽ ലക്ഷ്യം കണ്ടു. ആദ്യ പകതുയുടെ അധിക സമയത്ത് നേടിയ ഗോൾ ബ്രസീൽ സമനില പിടിക്കുകയായിരുന്നു. ഇഗോർ ജീസസായിരുന്നു ബ്രസീലിന്റെ സമനില ഗോൾ നേടിയത്. മത്സരം സമനിലയിലായതോടെ ഇരു ടീമുകളും ജയത്തിനായി പൊരുതിക്കളിച്ചുകൊണ്ടിരുന്നു. മത്സരം അവസാനിക്കിനിരിക്കെ 89ാം മിനുട്ടിലായിരുന്നു കാനറികളുടെ വിജയഗോൾ പിറന്നത്.
ലൂയീസ് ഹെന്റിക്കെയായിരുന്നു ബ്രസീലിന്റെ വിജയ ഗോൾ നേടിയത്. മത്സരത്തിൽ 72 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് ബ്രസീലായിരുന്നെങ്കിലും ചിലി ശക്തമായി പ്രതിരോധിച്ച് നിന്നതോടെ ബ്രസീലിന്റെ ഗോൾ ശ്രമങ്ങളെല്ലാം പാഴാവുകയായിരുന്നു. 14 ഷോട്ടുകളായിരുന്നു ബ്രസീൽ എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ മൂന്ന് എണ്ണം മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്. ഒൻപത് മത്സരത്തിൽനിന്ന് 13 പോയിന്റുള്ള ബ്രസീൽ പട്ടികയിൽ നാലാം സ്ഥാനത്താണിപ്പോൾ. 16ന് പെറുവിനെതിരേയാണ് ബ്രസീലിന്റെ അടുത്ത മത്സരം.