ഐ.എസ്.എല്ലിൽ ജയം സ്വന്തമാക്കി മുംബൈ സിറ്റി എഫ്.സിയും മോഹൻ ബഗാനും. ഇന്നലെ വൈകിട്ട് അഞ്ചിന് നടന്ന ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെയാണ് മുംബൈ തോൽപ്പിച്ചത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുംബൈയുടെ ജയം. 29ാം മിനുട്ടിൽ മെഹ്താബ് സിങ്ങായിരുന്നു മുംബൈക്കായി ലക്ഷ്യം കണ്ടത്.
ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ഹൈദരാബാദ് എഫ്.സിയും ശ്രമങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ജയത്തോടെ ഒൻപത് മത്സരത്തിൽനിന്ന് 13 പോയിന്റുള്ള മുംബൈ ആറാം സ്ഥാനത്തെത്തി. ഇത്രയും മത്സരത്തിൽനിന്ന് ഏഴ് പോയിന്റുള്ള ഹൈദരാബാദ് പട്ടികയിൽ 11ാം സ്ഥാനത്തും നിൽക്കുന്നു. മറ്റൊരു മത്സരത്തിൽ മോഹൻ ബഗാൻ എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിൻ എഫ്.സിയെ തോൽപ്പിച്ചു.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോൾ അകന്ന് നിന്നു. കിട്ടിയ അവസരത്തിലെല്ലാം ചെന്നൈയിനും മോഹൻ ബഗാന്റെ ഗോൾമുഖത്ത് ഭീതി വിതച്ചുകൊണ്ടിരുന്നു. രണ്ടാം പകുതിയിലായിരുന്നു ബഗാന്റെ ഗോൾ ചെന്നൈയിന്റെ വലയിലായത്. 86ാം മിനുട്ടിൽ പകരക്കാരനായി കളത്തിലെത്തിയ ജേസൻ കമ്മിൻസായിരുന്നു വിജയഗോൾ നേടിയത്.
ആദ്യ പകുതിയിൽ കാര്യമായ ചലനം ഇല്ലാതിരുന്നതോടെ രണ്ടാം പകുതിയിൽ ടീമിൽ കാര്യമായ മാറ്റം വരുത്തിയതോടെയായിരുന്നു ബഗാൻ ഗോൾ നേടിയത്. സഹൽ അബ്ദുൽ സമദ്, ആഷിക് കുരുണിയൻ, ജേസൻ കമ്മിൻസ്, ഗ്രെഗ് സ്റ്റുവർട്ട് എന്നിവരെല്ലാം കളത്തിലെത്തിയതോടെയായിരുന്നു ബഗാന്റെ മുന്നേറ്റങ്ങൾക്ക് മൂർച്ചകൂടിയത്. ഒടുവിൽ സ്റ്റുവർട്ട് തുടങ്ങിയവെച്ച നീക്കത്തിൽനിന്നായിരുന്നു അവരുടെ വിജയഗോൾ പിറന്നത്.
ഒൻപത് മത്സരത്തിൽനിന്ന് 20 പോയിന്റുള്ള ബഗാൻ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 10 മത്സരത്തിൽനിന്ന് 12 പോയിന്റുള്ള ചെന്നൈയിൻ എട്ടാം സ്ഥാനത്തുമുണ്ട്.