ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഓള്‍ഡ് ട്രാഫോഡില്‍ മലര്‍ത്തിയടിച്ച് ലിവര്‍പൂള്‍. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു എതിരാളികളുടെ തട്ടകത്തില്‍ ലിവര്‍പൂളിന്റെ വിജയം. സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും യുനൈറ്റഡിന്റെ രണ്ടാം തോല്‍വിയാണിത്. ലിവര്‍പൂള്‍ കളിച്ച് മൂന്ന് മത്സരങ്ങളിലും ജയിക്കുകയും ചെയ്തു.
കൊളംബിയന്‍ താരം ലൂയിസ് ഡയസിന്റെ ഇരട്ടഗോളാണ് ലിവര്‍പൂളിന് ആധികാരിക ജയമൊരുക്കിയത്. മത്സരത്തിന്റെ 35, 42 മിനുറ്റുകളിലായിരുന്നു ഡയസിന്റെ ഗോളുകള്‍. ഈ രണ്ട് ഗോളുകള്‍ക്കും അസിസ്റ്റ് നല്‍കിയ മൊഹമ്മദ് സലാഹ് ആണ് ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ നേടിയത്. 56ാം മിനുട്ടിലായിരുന്നു സലാഹിന്റെ ഗോള്‍. ബ്രസീലിയന്‍ താരം കാസമിറോ വരുത്തിയ പിഴവില്‍ നിന്നാണ് യുനൈറ്റഡ് ആദ്യ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയത്.
14ന് നോട്ടിങ്ഹാം ഫോറസ്റ്റിനെതിരേയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. സൗതാംപ്ടണിനെതിരേയാണ് യുനൈറ്റഡിന്റെ അടുത്ത മത്സരം.
ചെല്‍സിക്ക് പൂട്ടിട്ട് ക്രിസ്റ്റല്‍ പാലസ്- ടോട്ടനത്തെ ന്യൂകാസില്‍ വീഴ്ത്തി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരായ ചെല്‍സിക്കും ടോട്ടനത്തിനും ജയമില്ല. ക്രിസ്റ്റല്‍ പാലസ് ചെല്‍സിയെ സമനിലയില്‍ കുരുക്കിയപ്പോള്‍ ന്യൂകാസില്‍ യുനൈറ്റഡ് ടോട്ടനത്തിന് സീസണിലെ ആദ്യ തോല്‍വി സമ്മാനിച്ചു.
1-1 എന്ന സ്‌കോറിനായിരുന്നു ക്രിസ്റ്റല്‍ പാലസ് ചെല്‍സിയെ സമനിലയില്‍ തളച്ചത്. 25ാം മിനുട്ടില്‍ നിക്കോളാസ് ജാക്‌സണ്‍ നേടിയ ഗോളില്‍ ചെല്‍സിയായിരുന്നു ആദ്യം ലീഡ് നേടിയത്. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷം ഗോള്‍ തിരിച്ചടിച്ച് പാലസ് സമനില നേടുകയായിരുന്നു. 53ാം മിനുട്ടില്‍ എബറേച്ചി എസയായിരുന്നു പാലസിനായി സമനില ഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ 2-1 എന്ന സ്‌കോറിനാണ് ടോട്ടനം ന്യൂകാസില്‍ യുനൈറ്റഡിനോട് പരാജയപ്പെട്ടത്. 37ാം മിനുട്ടില്‍ ഹാര്‍വി ബാര്‍ണസായിരുന്നു ന്യൂകാസിലിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 56ാം മിനുട്ടില്‍ ന്യൂകാസിലിന്റെ സെല്‍ഫ് ഗോളില്‍ ടോട്ടനം സമനില കണ്ടെത്തി. പിന്നീട് ഇരു ടീമുകളും ജയത്തിനായി പൊരുതിക്കൊണ്ടിരുന്നു. 78ാം മിനുട്ടില്‍ അലക്‌സാണ്ടര്‍ ഇസാകിന്റെ ഗോളിലായിരുന്നു ന്യൂകാസില്‍ ജയിച്ചു കയറിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 31 എന്ന സ്‌കോറിന് മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിനെ തോല്‍പിച്ചു. എര്‍ലിങ് ഹാളണ്ടിന്റെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു സിറ്റിയുടെ ജയം. 10, 30,83 മിനുട്ടുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകള്‍ പിറന്നത്. 19ാം മിനുട്ടില്‍ ലഭിച്ച സെല്‍ഫ് ഗോളായിരുന്നു വെസ്റ്റ് ഹാമിന് തുണയായത്.