പോരാട്ടത്തിന്റെ പേര്് മുഹമ്മദ് അമൻ
ജീവിതത്തിൽ അനുഭവിച്ചു തീർത്ത പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും മനക്കരുത്ത് കൊണ്ട് നേരിട്ട മുഹമ്മദ് അമൻ എന്ന 18 കാരൻ ഇപ്പോൾ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്. ചെറുപ്പം മുതൽ താണ്ഡിയ കനൽപഥങ്ങളെയെല്ലാം പുഷ്പങ്ങളായി സ്വീകരിച്ച അമന്റെ പോരാട്ടവീര്യം കൊണ്ടുമാത്രമായിരുന്നു താരത്തിന് ഇന്ത്യൻ ടീമിനെ നയിക്കാൻ കഴിഞ്ഞത്. ഉത്തർപ്രദേശിലെ സഹാറൻപുർ സ്വദേശിയായ അമന് കഴിഞ്ഞ പോയ ഓർമകളെല്ലാം ഉള്ളംപൊള്ളിക്കുന്നതാണ്.
16ാം വയസിൽ അസുഖം കാരണം പിതാവ് മെഹ്താബ് മരിക്കുന്നു. ഇതോടെ മൂന്ന് ഇളയ സഹോദരങ്ങളുടെയും മാതാവിന്റെയും ഉത്തരവാദിത്തം അമന്റെ തോളിലായി. എന്നാൽ അധികം വൈകാതെ 2022ൽ കൊവിഡ് കാരണം മാതാവും മരിച്ചതോടെ പരിപൂർണമായ അനാഥ ബാല്യം. മുന്നോട്ടുള്ള വഴിയിൽ ഇരുട്ടും മുള്ളും കല്ലും മാത്രം. എന്നാൽ തളരാൻ തയ്യാറാകാത്ത മുഹമ്മദ് അമൻ ഇന്ന് ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്. അടുത്ത മാസം പുതുച്ചേരിയിൽ നടക്കുന്ന ആസ്‌ത്രേലിയക്കെതിരേയുള്ള മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിനെ നയിക്കുന്നത് അമനാണ്. ഏറെക്കാലം കയ്പുനീർ കുടിക്കേണ്ടി വന്ന ജീവിതത്തിൽനിന്ന് താൻ ഏറെ സ്വപ്‌നം കണ്ടിരുന്ന ക്രിക്കറ്ററാവുക എന്ന സ്വപ്‌നത്തിലേക്ക് സിക്‌സർ പായിച്ച കഥ അമൻ ഗദ്ഗദ ത്തോടെയാണ് ഓർക്കുന്നത്.
ഏറെക്കാലം അസുഖ ബാധിതനായിരുന്ന പിതാവ് മെഹ്താബ് മരിച്ചതോടെ ജീവിതത്തിൽ ഒറ്റപ്പെട്ടു. ഒരു സഹോദരിയുടെയും രണ്ട് സഹോദരൻമാരുടെയും ജീവിതം നോക്കേണ്ട ഉത്തരവാദിത്തം ഏൽക്കേണ്ടി വന്നപ്പോൾ വയസ് 16. മുന്നിൽ ക്രിക്കറ്റെന്ന സ്വപ്‌നം കരിനിഴൽ വീഴ്ത്തി നിൽക്കുന്നു. മറുവശത്ത് ജീവിതമെന്ന യാഥാർത്യം. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ നാളുകൾ. കുടംബം പോറ്റാൻ ചെറിയ ജോലികൾ ചെയ്തു നോക്കി. പക്ഷെ അപ്പോഴും ക്രിക്കറ്റിനെ കൈവിട്ടില്ല. എന്നാൽ അധികം വൈകാതെ മാതാവ് സൈബയും മരിക്കുന്നു. മുന്നിലുള്ള വഴിയിൽ വീണ്ടും കൂരിരുട്ട് പരക്കുന്നു. ഇനി ക്രിക്കറ്റെന്ന സ്വപ്‌നം നടക്കുമോ എന്നറിയില്ല. മൂന്ന് സഹോദരങ്ങളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥ. ഈ സമയത്ത് അമനെ ക്രിക്കറ്റ് പരിശീലിപ്പിച്ചിരുന്ന രാജീവ് ഗോയലിനെ കണ്ട് അമൻ ഒരു കാര്യം പറഞ്ഞു. ” എനിക്ക് നിങ്ങൾ ഏതെങ്കിലുമൊരു തുണിക്കടയിൽ ജോലി ശരിയാക്കിത്തരണം. കുടുംബത്തെ നോക്കാൻ മറ്റു മാർഗങ്ങളില്ല” എന്നാൽ ഇതുകേട്ട പരിശീലകൻ രാജീവ് പറഞ്ഞത് ഇപ്രാകരമായിരുന്നു.
” നീ ഇപ്പോൾ എന്റെ കൂടെ വരൂ, ഇവിടെ വരുന്ന ചെറിയ കുട്ടികൾക്ക് പരിശീലനം നൽകൂ” എന്നായിരുന്നു പരിശീലകൻ മറുപടി നൽകിയത്. ഇതുകേട്ട അമൻ വീണ്ടും പരിശീലനം തുടരാൻ തീരൂമാനിച്ചു. ചില ബന്ധക്കാരെല്ലാം സാമ്പത്തികമായി സഹായിച്ചതോടെ ചെറിയ ആശ്വാസമായി. എന്നാൽ മുന്നിലെ ഇരുൾ പരന്ന വഴികളിൽ തെളിച്ചം വന്നില്ല. ഈയിടെയായിരുന്നു ഉത്തർ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ഷൻ ട്രയൽസ് നടക്കുന്നത്. അവിടെ നിന്നായിരുന്നു അമനിലെ ക്രിക്കറ്റുടെ ജീവിതം മാറി മറിയുന്നത്. ലോക്കൽ കംപാർട്ട്‌മെന്റിൽ ടോയ്‌ലറ്റിന് സമീപം ഇരുന്ന് ട്രെയിൻ യാത്ര.
https://www.instagram.com/mohammad.amaan_7/?hl=en
വിശന്നുകൊണ്ട് ഉറങ്ങിയ രാത്രികൾ, പച്ച വെള്ളം പോലും തേനിനെക്കാൾ രുചി തോന്നിയ നിമിഷങ്ങൾ. ആദ്യ നാളുകൾ അമൻ ഓർത്തെടുക്കുന്നു. ഇപ്പോൾ ഞാൻ വിമനത്തിലാണ് യാത്ര ചെയ്യുന്നത്. എനിക്ക് കളിച്ച് ലഭിക്കുന്ന ഓരോ തുകയും എന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഉപയോഗിക്കുന്നു. വീട് നിർമിക്കാൻ ചിലവഴിക്കുന്നു. ഈ സമയത്ത് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോൾ എന്റെ പിതാവിന്റെ വാക്കുകൾ ചെവികളിൽ വന്ന് തട്ടിക്കൊണ്ടിരിക്കുന്നു. ഞാൻ ക്രിക്കറ്റ് കളിക്കുന്നത് പിതാവിന് ഒരിക്കലും ഇഷ്ടമല്ലായിരുന്നു. ” ക്രിക്കറ്റെല്ലം ധനികരുടെ വിനോദമാണ്. ദരിദ്രർക്ക് ഇതുകൊണ്ട് ഒരു കാര്യവുമില്ല” ഇപ്പോൾ ഞാൻ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പിതാവിന്റെ ഈ വാക്കുകൾ എന്റെ ചെവികളെ പൊള്ളിക്കുന്നു. ഈ നേട്ടം കൈവരിച്ചത് കാണാൻ പിതാവ് ഇല്ലാത്തിന്റെ സങ്കവം വല്ലാതെയുണ്ട്. അമൻ തേങ്ങുന്നു.
വിനു മങ്കാദ് ട്രോഫിയിൽ യു.പിയുടെ അണ്ടർ 19 ടീമിൽ കളിച്ച അമൻ മിന്നും പ്രകടനമായിരുന്നു പുറത്തെടുത്തത്. എട്ട് ഇന്നിങ്‌സുകളിൽനിന്നായി നാലു അർധ സെഞ്ചുറികൾ ഉൾപ്പെടെ 363 റൺസ് നേടി. 98 ശരാശരിയിൽ 294 റൺസ് നേടിയ അണ്ടർ 19 ചലഞ്ചർ സീരീസിലും ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി. ഈ വർഷം ആദ്യത്തിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ സ്റ്റാൻഡ് ബൈ ആയിരുന്നു. പിതാവിന് ജോലി നഷ്ടപ്പെട്ടപ്പോൾ വീട് വിൽക്കേണ്ടി വന്നു. ആ പണംകൊണ്ടായിരുന്നു പിന്നീട് ജീവിതച്ചിലവ് കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ എന്റെ നേട്ടം കാണാൻ എന്റെ മാതാപിതാക്കളില്ല” അമന്റെ കണ്ണുകൾ നിറഞ്ഞു. ” ഏറ്റവും അച്ചടക്കമുള്ള കളിക്കാരനാണ് അമൻ, കളിയുടെ മൂല്യം അവനറിയാം. അതിനാൽ സമപ്രായക്കാരെപ്പോലെ കളിയിൽനിന്ന് ശ്രദ്ധ തിരിക്കാൻ അവൻ തയ്യാറായില്ല. ദിവസവും എട്ട് മണിക്കൂർ അമൻ ഗ്രൗണ്ടിലുണ്ടാകുമായിരുന്നു. അതിന്റെയെല്ലാം ഫലമാണ് ഇപ്പോൾ അവൻ അനുഭവിക്കുന്ന്ത്, പരിശീലകൻ വ്യക്തമാക്കി.