രോഹിത് ശർമ ഇന്ത്യൻ ക്യാപ്റ്റനായി തുടരും
ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി രോഹിത് ശര്‍മ തുടരുമെന്ന് ബി.സി.സി.ഐ. വരുന്ന ചാംപ്യന്‍സ് ട്രോഫിയിലും വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും നായകനായി രോഹിത് തന്നെ തുടരുമെന്ന് ബി.സി.സി.ഐ പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ സെക്രട്ടറി ജയ്ഷായാണ് വ്യക്തമാക്കിയത്. ഈ രണ്ട് ചാംപ്യന്‍ഷിപ്പുകളും രോഹിതിന് കീഴില്‍ ഇന്ത്യ നേടുമെന്നും ജയ്ഷാ പറഞ്ഞു. ടി20 ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ രോഹിത് ശര്‍മ ട്വന്റി20 ഫോര്‍മാറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
‘ഏകദിന ലോകകപ്പില്‍ ഇന്ത്യ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഞങ്ങള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലും ചാംപ്യന്‍സ് ട്രോഫിയും വിജയിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഏകദിന ലോകകപ്പ് ഫൈനലില്‍ തോറ്റപ്പോള്‍, ടി20 ലോകകിരീടം ഇന്ത്യ നേടുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ രോഹിത് അതു നേടിത്തന്നിരിക്കുന്നു. ഈ ടീമില്‍ എനിക്ക് നല്ല വിശ്വാസമുണ്ട്.’ ജയ്ഷാ വ്യക്തമാക്കി. ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കുട്ടിക്രിക്കറ്റിലെ ലോക ചാംപ്യന്‍ പട്ടം ചൂടിയത്. വിജയത്തിനു പിറകെ, രോഹിതിനൊപ്പം വിരാട് കോലിയും രവീന്ദ്ര ജഡേജയും ട്വന്റി20 ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ മൂന്നുപേരും ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി കളിക്കുമെന്നും ജയ്ഷാ പറഞ്ഞു.