Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Cricket
  • ഇന്ത്യൻ ക്രിക്കറ്റിൻ്റെ മഹേന്ദ്ര ജാലം; ക്യാപ്റ്റൻ കൂളിന് ഇന്ന് 43ാം പിറന്നാൾ
Cricket

ഇന്ത്യൻ ക്രിക്കറ്റിൻ്റെ മഹേന്ദ്ര ജാലം; ക്യാപ്റ്റൻ കൂളിന് ഇന്ന് 43ാം പിറന്നാൾ

മഹേന്ദ്ര സിങ് ധോണി
Email :112

മഹേന്ദ്ര സിങ് ധോണിക്ക് ഇന്ന് 43ാം പിറന്നാൾ

മൂന്ന് പതിറ്റാണ്ടോളം നീണ്ട ഒരു കാത്തിരിപ്പിന്റെ കഥ പറയാനുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക്. ഒരു ലോകകിരീടം കിട്ടാക്കനിയായി 28 വര്‍ഷം അകലെ നിന്ന കഥ, ക്രിക്കറ്റ് ദൈവം ഒരു ലോകകിരീടത്തിന്റെ മധുരമില്ലാതെ പാഡഴിക്കേണ്ടി വരുമെന്ന് ആവലാതിപ്പെട്ട നാളുകള്‍, അവിടേക്കാണ് ദൈവദൂതനെപോലെ ഒരു റാഞ്ചിക്കാരാന്‍ വരുന്നത്. കൈപിടിയിലൊതുങ്ങാത്തതൊന്നുമില്ലെന്ന് തെളിയിച്ച് അയാള്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം രാജ്യത്തിന് ലോകകിരീടം നേടിക്കൊടുക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് മുംബൈയിലെ വാംഖഡെയില്‍ മറക്കാനാകാത്ത നായകന്റെ പേരാണ് മഹേന്ദ്ര സിങ് ധോണി.

അന്താരാഷ്ട്ര ക്രിക്കറ്റിലും ഐ.പി.എല്ലിലും ഇനി ഒന്നും തെളിയിക്കാനില്ലാത്ത ഇതിഹാസ നായകന് ഇന്ന് 43ാം പിറന്നാളാണ്. 1981 ജൂലൈ ഏഴിന് ജാര്‍ഖണ്ഡിലെ റാഞ്ചിയിലായിരുന്നു ജനനം. പിന്നീടൊരു സിനിമാക്കഥയെ പോലും വെല്ലുന്ന രീതിയിലായിരുന്നു കഴിഞ്ഞ 43 വര്‍ഷങ്ങള്‍ കടന്നു പോയത്.
തന്റെ അസാമാന്യ കഴിവ് കൊണ്ട് 2004ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കാന്‍ ആ റാഞ്ചിക്കാരനായി. തുടക്കം നിരാശയോടെയായിരുന്നെങ്കിലും വൈകാതെ അയാള്‍ കത്തിക്കയറി. വെടിക്കെട്ട് കൊണ്ട് അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുയുഗം സൃഷ്ടിക്കുകയായിരുന്നു.
അതിനിടയില്‍ ആരും കൊതിക്കുന്ന ദേശീയ ടീമിന്റെ നായകപദവിയും അയാളെ തേടിയെത്തി. 2007ല്‍ യുവനിരയെയും കൊണ്ട് പ്രഥമ ടി20 ലോകകപ്പിന് വണ്ടികയറിയവന്‍ തിരിച്ചു വന്നത് കീരീടവുമായാണ്. അതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ കൂളിന്റെ യുഗം ആരംഭിച്ചു. തങ്ങള്‍ക്കു കിട്ടാക്കനിയായെതെല്ലാം നേടിത്തരുന്ന നായകനെ രാജ്യം ആദരവോടെ നോക്കിക്കണ്ടു. 2009ല്‍ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഒന്നാം റാങ്കിലെത്തിച്ച അയാള്‍ 2011ല്‍ വിശ്വകിരീടവും രാജ്യത്തിന് സമ്മാനിച്ചു. തീര്‍ന്നില്ല, 2013ലെ ചാംപ്യന്‍സ് ട്രോഫി കിരീടവും നേടിയ അയാള്‍ എല്ലാ ഐ.സി.സി കിരീടവും നേടിയ ആദ്യ നായകനായി മാറി.
ഐ.സി.സിയുടെ മൂന്ന് വ്യത്യസ്ത കിരീടങ്ങളുള്ള ഏക ക്യാപ്റ്റന്‍. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍, അഞ്ച് ഐ.പി.എല്‍ കീരീടങ്ങളുള്ള നായകന്‍, രണ്ട് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍, ഏറ്റവും വേഗത്തില്‍ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ബാറ്റര്‍, ഐ.പി.എല്‍ ഏറ്റവും കൂടുതല്‍ പുറത്താക്കല്‍ നടത്തിയ വിക്കറ്റ് കീപ്പര്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തിയ വിക്കറ്റ് കീപ്പര്‍ ഇതെല്ലാം അയാളുടെ നേട്ടങ്ങളിലെ ചിലത് മാത്രം.

മഹേന്ദ്ര സിങ് ധോണി
മഹേന്ദ്ര സിങ് ധോണി

ഈ നേട്ടങ്ങളെല്ലാം കണ്ടു വളര്‍ന്ന നമുക്ക് വരും തലമുറയോട് ഇങ്ങനെ പറയാം- നമുക്കൊരു നായകനുണ്ടായിരുന്നു. പ്രതിസന്ധികളെ പുഞ്ചിരികൊണ്ട് നേരിട്ടവന്‍, വിമര്‍ശനങ്ങളെ ബാറ്റ് കൊണ്ട് എതിരേറ്റവന്‍, കൈപിടിയിലൊതുങ്ങാത്തതൊന്നുമില്ലെന്ന് തെളിയിച്ചവന്‍, ഞങ്ങളുടെ സ്വപ്‌നങ്ങളുടെ സ്വപ്‌നങ്ങള്‍ നിറവേറ്റിയവന്‍ മഹേന്ദ്ര സിങ് ധോണിയെന്ന അതികായന്‍.
രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് കളമൊഴിഞ്ഞിട്ട് നാല് വര്‍ഷമായെങ്കിലും ആരാധകര്‍ക്ക് വെടിക്കെട്ട് കാഴ്ചയൊരുക്കി ഐ.പി.എല്ലില്‍ ഇപ്പോഴും അയാള്‍ തുടരുന്നു. പ്രായം ഒരു നമ്പര്‍ മാത്രമാണെന്ന് ചൈന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജഴ്‌സിയില്‍ അയാള്‍ തെളിയിച്ച് കൊണ്ടിരിക്കുന്നു. പ്രായം 43ലെത്തിയെങ്കിലും ഇനിയും അയാള്‍ കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ് മഹി ആരാധകര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts