ടെന്നീസ് ഇതിഹാസ താരം റാഫേൽ നദാൽ വിരമിച്ചു. ഡേവിസ് കപ്പ് ടൂർണമെന്റിലെ തോൽവിയോടെയായിരുന്നു ലോക ഒന്നാം നമ്പർ താരമായിരുന്ന റഫ വിരമിക്കൽ പ്രഖ്യാപിച്ചത്. നേരത്തെ തന്നെ ഡേവിസ് കപ്പ് തന്റെ അവസാന മത്സരമായിരിക്കുമെന്ന് നദാൻ വ്യക്തമാക്കിയിരുന്നു.
ഡേവിസ് കപ്പ് ടൂർണമെന്റിൽ നെതർലാൻഡ്‌സുമായുള്ള പോരാട്ടത്തിലാണ് തോൽവി.
22 തവണ ഗ്രാൻഡ് സ്ലാം ജേതാവായ റാഫേൽ ഡച്ച് താരം ബോട്ടിച്ച് വാൻഡെ സാൽഡ്ഷുൽപ്പിനോടു 4-6, 4-6 നേരിട്ടുള്ള സെറ്റുകൾക്ക് പരാജയം ഏറ്റുവാങ്ങി. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം തിരിച്ചുവരാൻ നദാൽ പരമാവധി ശ്രമിച്ചു. പക്ഷേ അവസാനം ഡച്ച് താരം താരത്തിന് കടുത്ത തിരിച്ചടി നൽകി.ആദ്യ സെറ്റിൽ ഡച്ച് എതിരാളിക്ക് കടുത്ത പോരാട്ടം നദാൽ നൽകിയെങ്കിലും അവസാനം 29 കാരനായ താരം ലീഡ് നേടുകയും ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കുകയും ചെയ്തു.
എന്നാൽ, തുടക്കം മുതൽ ഡച്ച് താരം ആധിപത്യം പുലർത്തിയതോടെ രണ്ടാം സെറ്റിന്റെ തുടക്കം വ്യത്യസ്തമായി. തിരിച്ചുവരവിനുള്ള ധൈര്യം കാണിച്ച നദാൽ 1-4ന് വീണപ്പോൾ 3-4ന് മുന്നിലെത്തി. എന്നാൽ സാൽഡ്ഷുൽപ്പ് തൻറെ സംയമനം നിലനിർത്തി രണ്ടാം സെറ്റും 6-4 ന് സ്വന്തമാക്കി. 14 തവണ ഫ്രഞ്ച് ഓപൺ കിരീടം നേടിയ റഫ 22 ഗ്രാൻഡ്സ്ലാം നേടിയാണ് ടെന്നീസിനോട് വിടപറയുന്നത്.
അഞ്ചു തവണ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്താനും നദാലിന് കഴിഞ്ഞു. 1997ൽ സ്പാനിഷ് ജൂനിയർ ചാംപ്യൻഷിപ്പ് നേടിയ ടെന്നീസിന്റെ ലോകത്തെത്തിയ റഫ 38ാം വയസിലാണ് കളമൊഴിയുന്നത്. പരുക്കിനെ തുടർന്ന് ഏറെ നാളായി കളത്തിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ നദാലിന് കഴിഞ്ഞിരുന്നില്ല.