Shopping cart

  • Home
  • Football
  • കോളജ് വിദ്യാർഥികൾക്കായി സ്‌പോർട്‌സ് ലീഗ് വരുന്നു
Football

കോളജ് വിദ്യാർഥികൾക്കായി സ്‌പോർട്‌സ് ലീഗ് വരുന്നു

വരുന്നു സ്‌പോർട്‌സ് ലീഗ്
Email :11

രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ കോളജ് വിദ്യാർഥികൾക്കായി പ്രത്യേക സ്‌പോർട്‌സ് ലീഗ് തുടങ്ങുന്നു. കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി ഇനങ്ങളിലാണ് കോളജ് ലീഗ് സംഘടിപ്പിക്കുന്നത്. കോളജ് സ്‌പോർട്‌സ് ലീഗിന്റെ ലോഗോ പ്രകാശനം സെക്രട്ടറിയേറ്റിലെ പി.ആർ ചേംബറിൽ കായിക മന്ത്രി വി. അബ്ദുറഹിമാനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും ചേർന്ന് നിർവഹിച്ചു.

സംസ്ഥാനത്തെ കോളജുകളെ നാല് മേഖലകളായി തിരിച്ച് മൂന്ന് മുതൽ ആറു മാസം വരെ നീളുന്ന ലീഗാണ് നടത്തുക. ഇതിന്റെ ഭാഗമായി എല്ലാ കോളജുകളിലും സ്‌പോർട്‌സ് ക്ലബ് തുടങ്ങും. സ്‌പോർട്‌സ് ക്ലബുകളെ ഏകോപിപ്പിക്കാൻ ജില്ലാ തല കമ്മിറ്റികൾ ഉണ്ടാകും. കമ്മിറ്റിയിൽ കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികളും കായിക സംഘടനാ പ്രതിനിധികളും മുൻതാരങ്ങളുമുണ്ടാകും.

സംസ്ഥാനതല സാങ്കേതിക സമിതിക്കാകും ജില്ലാ സമിതികളുടെ നിയന്ത്രണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കായിക മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാൻസലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണ നിർവഹണ സമിതി. പ്രൊഫഷണൽ ലീഗുകളുടെ മാതൃകയിൽ ഹോം ആൻഡ് എവേ മത്സരങ്ങളാണ് നടക്കുക.

ജില്ലാതല സമിതികളാണ് കോളജ് ലീഗിനുള്ള ടീമുകളെ തിരഞ്ഞെടുക്കുക. ഓരോ മേഖലയിൽ നിന്നും മുന്നിലെത്തുന്ന നാല് ടീമുകൾ സംസ്ഥാന ലീഗിൽ മത്സരിക്കും. ഓരോ കായിക ഇനത്തിലും 16 ടീമുകൾ സംസ്ഥാനതല മത്സരത്തിനെത്തും. മത്സരങ്ങൾ നിരീക്ഷിക്കാൻ പ്രൊഫഷണൽ ലീഗിൽ നിന്നുള്ള വിദഗ്ധരും പ്രൊഫഷണൽ കളിക്കാരും എത്തും.

മികച്ച കായിക സംസ്‌കാരം വാർത്തെടുക്കുന്നതിനൊപ്പം കോളജുകളിലെ അടിസ്ഥാന സൗകര്യവികസനം കൂടി ലക്ഷ്യമിട്ടാണ് കോളജ് ലീഗിന് തുടക്കമിടുന്നത്. ഭാവിയിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തും. സ്‌പോർട്‌സ് ക്ലബുകൾക്ക് ഭാവിയിൽ സ്വന്തം നിലയിൽ വരുമാനമുണ്ടാക്കാൻ സാധിക്കുന്ന രീതിയിലാണ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ കോളജുകളെ വഴിയൊരുക്കും.

കോളജ് ലീഗിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് പൊഫഷണൽ ലീഗിലേക്കും വഴിയൊരുങ്ങുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. അക്കാദമിക പ്രവർത്തനങ്ങളേയും പരീക്ഷയേയും യാതൊരുവിധത്തിലും ബാധിക്കാത്ത രീതിയിലാണ് കോളജ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts