ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ജയംതേടി അർജന്റീന ഇന്ന് കളത്തിലിറങ്ങുന്നു. എവേ മത്സരത്തിൽ പരാഗ്വയയേണ് അർജന്റീന നേരിടുന്നത്. നാളെ രാവിലെ അഞ്ചിനാണ് മത്സരം. നിലവിൽ പത്തു മത്സരത്തിൽനിന്ന് 22 പോയിന്റുള്ള അർജന്റീനയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇന്നത്തെ മത്സരത്തിലും ജയിച്ച് നില ഭദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെസ്സിയും സംഘവും കളത്തിലിറങ്ങുന്നത്.
ബൊളീവിയക്കെതിരേയുള്ള അവസാന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളിന്റെ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ലയണൽ സ്‌കലോനിയുടെ കുട്ടികൾ ഇറങ്ങുന്നത്. അന്ന് മെസ്സിയുടെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു അർജന്റീന ജയിച്ചു കയറിയത്.പ്രതിരോധ താരം ലിസാന്ദ്രോ മാർട്ടിനസ് ഇന്നത്തെ മത്സരത്തിൽ അർജന്റീനൻ ടീമിലുണ്ടാകില്ല. പരുക്കേറ്റ താരം കൂടുതൽ പരിശോധനകൾക്കായി മാഞ്ചസ്റ്ററിലേക്ക് തിരിച്ചുപോയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വലതുകാലിലെ പരുക്ക് കാരണം പെസല്ലയും നാളത്തെ മത്സരത്തിൽ അർജന്റൈൻ ടീമിനൊപ്പമുണ്ടാകില്ല. മാർട്ടിനസിന് പകരക്കാരനായി ഫകുണ്ടോ മെദീനയെ ടീമിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഫ്രാൻസിൽ ലെൻസിനായി കളിക്കുന്ന 25 കാരനായ താരത്തിൽ പ്രതീക്ഷയുണ്ടെന്ന് പരിശീലകൻ സ്‌കലോനി വ്യക്താമക്കി. അവസാന മത്സരത്തിൽ വെനസ്വേലയെ 2-1ന് തോൽപിച്ചാണ് പരാഗ്വ എത്തുന്നത്. 10 മത്സരത്തിൽനിന്ന് 13 പോയിന്റുള്ള പരാഗ്വ പട്ടികയിൽ ആറാം സ്ഥാനത്താണ്.