യൂറോപ്പാ ലീഗ്
യുവേഫാ യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ നോർവീജിയൻ ക്ലബായ ഗ്ലിംറ്റിനെയാണ് യുനൈറ്റഡ് തോൽപ്പിച്ചത്. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽതന്നെ യുനൈറ്റഡ് ഗോൾ നേടി വിജയ സൂചന നൽകിയെങ്കിലും ഗ്ലിംറ്റ് പൊരുതിയായിരുന്നു തോറ്റത്. അലയാൻന്ദ്രോ ഗർനാച്ചോയായിരുന്നു യുനൈറ്റഡിനായി ആദ്യ ഗോൾ നേടിയത്.
എന്നാൽ 19ാം മിനുട്ടിൽ ഗോൾ മടക്കി ഗ്ലിംറ്റ് മത്സരത്തിലേക്ക് തിരിച്ചുവന്നു. അധികം വൈകാതെ രണ്ടാം ഗോളും നേടി ഗ്ലിംറ്റ് യുനൈറ്റഡിനെ സമ്മർദത്തിലാക്കി. 23ാം മിനുട്ടിൽ ഫിലിപ്പായിരുന്നു ഗ്ലിറ്റിന്റെ രണ്ടാം ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിൽ തന്നെ ഗോൾ മടക്കി യുനൈറ്റഡ് സമനില പിടിച്ചു. റാംസസ് ഹോയ്‌ലൻഡായിരുന്നു യുനൈറ്റഡിന്റെ സമനില ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ 50ം മിനുട്ടിൽ ഹോയ്‌ലന്ഡ് യുനൈറ്റഡിന്റെ മൂന്നാം ഗോളും നേടി. മത്സരത്തിൽ 73 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച യുനൈറ്റഡ് 20 ഷോട്ടുകളായിരുന്നു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ ആറെണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. എ.എസ് റോമ ടോട്ടനത്തിനെ സമനിലയിൽ തളച്ചു. 2-2 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്.
രണ്ടാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സൺഹുൻ മിന്നായിരുന്നു ടോട്ടനത്തെ മുന്നിലെത്തിച്ചത്. എന്നാൽ 20ാം മിനുട്ടിൽ എവൻ ഡിക്കയുടെ ഗോൾ റോമ സമനില പിടിച്ചു. 33ാം മിനുട്ടിൽ ടോട്ടനം വീണ്ടും ഗോൾ നേടി ലീഡ് നേടി. ബ്രണൺ ജോൺസനായിരുന്നു സ്പർസിനായി രണ്ടാം ഗോൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു റോമയുടെ സമനില ഗോൾ പിറന്നത്.
മാറ്റ് ഹമ്മൽസായിരുന്നു ഗോൾ സ്‌കോറർ. മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് റയൽ സോസിഡാഡ് അയാക്‌സിനെ വീഴ്ത്തി. ആൻഡർ ബെറെൻഡറ്റക്‌സ് (67), ടകുഫുസ കുബോ (85) എന്നിവരായിരുന്നു റയൽ സോസിഡാഡിനായി ഗോൾ നേടിയത്.