ലിവര്‍പൂളിനോട് തോറ്റ് മടങ്ങുമ്പോഴും ആന്‍ഫീല്‍ഡിന് നടുവില്‍ നിന്ന് ഗ്വാര്‍ഡിയോള തന്റെ ആറ് വിരലുകള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്്. തുടര്‍ച്ചയായ തോല്‍വികളാല്‍ ‘നിങ്ങളെ മാഞ്ചസ്റ്റര്‍ സിറ്റി പുറത്താക്കും’ എന്ന് പരിഹസിച്ച ലിവര്‍പൂള്‍ കാണികള്‍ക്കു മുന്നില്‍ താന്‍ നേടിയ ആറ് പ്രീമിയര്‍ ലീഗ് കിരീടങ്ങളെ സൂചിപ്പിച്ച് വിരലുകളുയര്‍ത്തിയായിരുന്നു ഗ്വാര്‍ഡിയോള പ്രതികരിച്ചത്. പ്രതിസന്ധിക്കു നടുവിലും തന്റെ ഭൂതകാലത്തെയോര്‍ത്ത് അഭിമാനം പ്രകടിപ്പിക്കുമ്പോഴും പെപ് ഗ്വാര്‍ഡിയോള എന്ന മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ ആശങ്കകളാല്‍ വട്ടം ചുറ്റുകയാണെന്നുറപ്പ്.
മാഞ്ചസ്റ്റര്‍ സിറ്റിക്കും പെപ് ഗ്വാര്‍ഡിയോളക്കും ഇത് ദുരിതകാലമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം പരാജയമാണ് ഗ്വാര്‍ഡിയോളക്കു കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞ ദിവസം ലിവര്‍പൂളിനെതിരേ ഏറ്റുവാങ്ങിയത്. ജയമറിയാതെ പൂര്‍ത്തിയാക്കുന്ന തുടര്‍ച്ചയായ ഏഴാം മത്സരം. ആറ് മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം തോല്‍വിക്കു സമാനമായ സമനിലയുമായിരുന്നു ഫലം. ഒരു ശരാശരി പരിശീലകന് ഇത്തരം മോശം സാഹചര്യങ്ങള്‍ സ്വാഭാവികമാണെങ്കിലും സ്പാനിഷുകാരന്‍ പെപ് ഗ്വാര്‍ഡിയോളയെ സംബന്ധിച്ച് ഇത് അത്ര പരിചിതമല്ല. ഗ്വാര്‍ഡിയോള സിറ്റിയുടെ പരിശീലക ചുമതലയേറ്റെടുത്ത ശേഷം ഇത്രയും മത്സരങ്ങള്‍ വിജയമറിയാതെ പൂര്‍ത്തിയാക്കുന്നത് ഇതാദ്യമാണ്. അതിനാല്‍ ഇനിയും വിജയമില്ലാ കളി തുടര്‍ന്നാല്‍ സിറ്റി ആരാധകര്‍ ക്ഷമിക്കുമെന്ന് ഗ്വാര്‍ഡിയോളക്കും ഉറപ്പുണ്ടാവില്ല.
ടീമിന്റെ നിലവിലെ പ്രകടനത്തില്‍ അദ്ദേഹം അത്രത്തോളം അസന്തുഷ്ടനുമാണ്. കഴിഞ്ഞയാഴ്ച നടന്ന ഫെയനൂര്‍ദിനെതിരായ ചാംപ്യന്‍സ് ലീഗ് മത്സരത്തിന് ശേഷം മുഖത്തും തലയിലും മുറിപ്പാടുകളുമായി കാണപ്പെട്ട ഗ്വാര്‍ഡിയോളയോട് മാധ്യമ പ്രവര്‍ത്തകര്‍ കാരണമന്വേഷിച്ചു. ‘ ഈ പ്രകടനം കണ്ട് എനിക്ക് എന്നെ തന്നെ മുറിവേല്‍പ്പിക്കാന്‍ തോന്നി’ എന്നായിരുന്നു ഗ്വാര്‍ഡിയോളയുടെ മറുപടി.
75ാം മിനുട്ട് വരെ മൂന്ന് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഫെയനൂര്‍ദിനെതിരേ സിറ്റി സമനില വഴങ്ങിയിരുന്നത്.
ഈ സീസണില്‍ 21 മത്സരങ്ങളിലാണ് പെപ്പ് ടീമിനെ കളത്തിലിറക്കിയത്. ഇതില്‍ 11 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ ആറ് മത്സരങ്ങളില്‍ പരാജയവും നാല് മത്സരങ്ങളില്‍ സമനിലയുമായിരുന്നു ഫലം.
നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് സിറ്റി. ചാംപ്യന്‍സ് ലീഗില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റോടെ എട്ടാമതുമാണ്.
ഒക്ടോബര്‍ 26ന് സതാംപ്ടണെതിരേ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് സിറ്റി അവസാനമായി ഒരു ജയം നേടിയത്. പിന്നീട് ഒക്ടോബര്‍ 31ന് നടന്ന ഇ.എഫ്.എല്‍ കപ്പ് പ്രീക്വാര്‍ട്ടറില്‍ ടോട്ടനമാണ് സിറ്റിയുടെ പരാജയവഴി തുറന്നത്. അന്ന 2-1നായിരുന്നു ടോട്ടനം സിറ്റിയെ തോല്‍പ്പിച്ചത്. പിന്നീട് നവംബര്‍ രണ്ടിന് ബേണ്‍മൗത്തിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിലും സിറ്റി തോല്‍വി രുചിച്ചു. അന്നും 21നായിരുന്നു സിറ്റിയുടെ തോല്‍വി. തുടര്‍ന്ന് നവംബര്‍ ആറിന് നടന്ന ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ പോര്‍ചുഗീസ് ക്ലബ് സ്‌പോര്‍ട്ടിങ്ങിനോട് കനത്ത പരാജയമാണ് സിറ്റി ഏറ്റുവാങ്ങിയത്. ഒന്നിനെതിരേ നാല്‌ഗോളുകള്‍ക്കായിരുന്നു് ഗ്വാര്‍ഡിയോളയും സംഘവും സ്‌പോര്‍ട്ടിങ്ങിനോട് അടിയറവ് പറഞ്ഞത്. രണ്ട് ദിവസത്തിന് ശേഷം നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ബ്രൈറ്റണും സിറ്റിയെ തകര്‍ത്തു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു അന്നും സിറ്റിയുടെ തോല്‍വി.
തുടര്‍ന്ന് ഇന്റര്‍ നാഷനല്‍ ബ്രേക്കിനു ശേഷം ടോട്ടനത്തിനെതിരേയായിരുന്നു സിറ്റിയുടെ ആദ്യ മത്സരം. ഇടവേളയ്ക്കു ശേഷം ജയം മോഹിച്ച് സ്വന്തം തട്ടകമായ ഇത്തിഹാദിലിറങ്ങിയ സിറ്റിക്ക് ഇരുട്ടടിയാണ് ടോട്ടനം നല്‍കിയത്. എതിരില്ലാത്ത നാല് ഗോളിനായിരുന്നു സിറ്റിയുടെ പരാജയം. ഇതോടെ തുടര്‍ച്ചയായ അഞ്ചാം പരാജയമാണ് സിറ്റി ഏറ്റുവാങ്ങിയത്. പിന്നീട് ഫെയനൂര്‍ദിനെതിരായ ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ സമനില. അവസാനം ലിവര്‍പൂളിനോട് ആന്‍ഫീല്‍ഡിലും കീഴടങ്ങി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ സിറ്റിയെ വീഴ്ത്തിയത്. നാളെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരേയാണ് സിറ്റിയുടെ അടുത്ത മത്സരം. നീണ്ട ഇടവേളയ്ക്കു ശേഷം സ്വന്തം തട്ടകത്തില്‍ തന്നെ വിജയവഴിയിലെത്തുമെന്ന പ്രതീക്ഷയിലാണ് സിറ്റി ആരാധകര്‍ ഈ മത്സരത്തെ കാത്തിരിക്കുന്നത്.
……….ഉയരെ സ്ലോട്ട്
ഒരു വശത്ത് പെപ് ഗ്വാര്‍ഡിയോളയുടെ ദുരിത കാലമാണെങ്കില്‍, മറുവശത്ത് ഒരു ഡച്ച് പരിശീലകന്‍ ഇംഗ്ലണ്ടില്‍ വിജയക്കുതിപ്പിലാണ്. ആര്‍നെ സ്ലോട്ട എന്ന ഡച്ചുകാരന് കീഴില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സര്‍വാധിപത്യം തുടരുകയാണ് ലിവര്‍പൂള്‍. കഴിഞ്ഞ ദിവസം സിറ്റിയെയും പരാജയപ്പെടുത്തിയതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് സ്ലോട്ടിന്റെ ലിവര്‍പൂള്‍. നിലവില്‍ 13 മത്സരങ്ങളില്‍നിന്ന് 34 പോയിന്റുമായാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. 25 പോയിന്റുള്ള ആഴ്‌സനലാണ് പട്ടികയില്‍ രണ്ടാമത്.
46കാരനായ ആര്‍നെ സ്ലോട്ട് ലിവര്‍പൂളില്‍ ചുമതലയേറ്റിട്ട് 155 ദിവസം മാത്രമേ ആയിട്ടുള്ളൂ. എന്നാല്‍ ഇതിനകം അദ്ദേഹം പരാജയപ്പെടുത്തിയ പരിശീലകരുടെ ലിസ്റ്റില്‍ പ്രമുഖരെല്ലാമുണ്ട്. കാര്‍ലോ ആന്‍സലോട്ടി, പെപ് ഗ്വാര്‍ഡിയോള, സാബി അലോന്‍സോ, എറിക് ടെന്‍ഹാഗ് തുടങ്ങിയവരുടെ ടീമുകളെയെല്ലാം സ്ലോട്ടിനു കീഴില്‍ ലിവര്‍പൂള്‍ തകര്‍ത്തു.
ഈ സീസണില്‍ ഡച്ച് ക്ലബ് ഫെയനൂര്‍ദില്‍ നിന്നാണ് ആര്‍നെ സ്ലോട്ട് ലിവര്‍പൂളിന്റെ തലപ്പത്തെത്തുന്നത്.
യുര്‍ഗന്‍ ക്ലോപ്പിന്റെ പകരക്കാരനാവാന്‍ സ്ലോട്ടിന് കഴിയുമോ എന്ന് ആശങ്ക പ്രകടിപ്പിച്ചവര്‍ ഇന്ന് സ്ലോട്ടിനെ പുകഴ്ത്താന്‍ മത്സരിക്കുകയാണ്.
20 മത്സരങ്ങളിലാണ് ആര്‍നെ സ്ലോട്ട് ഈ സീസണില്‍ ലിവര്‍പൂളിനെ പരിശീലിപ്പിച്ചത്. ഇതില്‍ 18 എണ്ണത്തിലും വിജയിച്ചു. ഒരു സമനിലയും ഒരു തോല്‍വിയും. പ്രീമിയര്‍ ലീഗില്‍ 13 മത്സരങ്ങളില്‍ നിന്ന് 11 ജയം, ഒരു സമനില, ഒരു തോല്‍വി. യുവേഫ ചാംപ്യന്‍സ് ലീഗില്‍ കളിച്ച അഞ്ച് മത്സരങ്ങളിലും ജയത്തോടെ 15 പോയിന്റുമായി ഒന്നാമത് തന്നെയാണ് ലിവര്‍പൂള്‍. ഇ.എഫ്.എല്‍ കപ്പില്‍ കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. നാളെ പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുനൈറ്റഡിനെതിരേയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.