ഐ.സി.സി യോഗത്തിലും തീരുമാനമായില്ല
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. താരങ്ങളുടെ സുരക്ഷയാണ് പ്രധാനം. അതിനാൽ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാൻ കഴിയില്ലെന്നാണ് നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ടെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ നിലപാട്.
ക്രിക്കറ്റ് ടീമിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ ഐ.സി.സി ഭാരവാഹികളുടെ യോഗം ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല. യോഗം മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ ന്യൂട്രൽ വേദിയിലേക്ക് മാറ്റി ഹൈബ്രിഡ് മോഡലിൽ നടത്തണമെന്ന നിലപാടിൽ
ബി.സി.സി.ഐയും മത്സരം പൂർണമായും പാകിസ്താനിൽ തന്നെ നടത്തണമെന്ന നിലപാടിൽ പി.സി.ബിയും ഉറച്ചുനിന്നതോടെയാണ് ടൂർണമെന്റിന്റെ നടത്തിപ്പ് അനിശ്ചിതത്വത്തിലായത്. ഇന്ത്യയെ പങ്കെടുപ്പിക്കാതെ ടൂർണമെന്റ് സാധ്യമല്ലെന്ന് ഐ.സി.സിയും വ്യക്തമാക്കിയിട്ടുണ്ട്. നടത്തിപ്പിനുള്ള മുഴുവൻ തുകയും മറ്റു അനുകൂല്യങ്ങളും നൽകി പാക് ക്രിക്കറ്റ് ബോർഡിനെ അനുനയിപ്പിക്കാനുള്ള നീക്കം ഐ.സി.സി നടത്തുന്നുണ്ട്.
ഇതിനിടെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഫെബ്രുവരിയിൽ നടക്കുന്ന മത്സരങ്ങൾക്കായി പാകിസ്ഥാനിലേക്കു പോകില്ലെന്നായിരുന്നു തുടക്കം മുതൽ ബി.സി.സി.ഐ നിലപാട്. ഏഷ്യാ കപ്പിലേതുപോലെ ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും വേദിയിലേക്കു മാറ്റണമെന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ കളികളെല്ലാം പാകിസ്ഥാനിൽ നടത്തണമെന്ന് പി.സി.ബി വാശിപ്പിടിച്ചതോടെയാണ് ഇക്കാര്യത്തിലുള്ള തീരുമാനം നീണ്ടത്.
2023ൽ പാകിസ്ഥാൻ ഹൈബ്രിഡ് മോഡലിൽ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. സെമി ഫൈനലും ഫൈനലും ഉൾപ്പെടെ ടൂർണമെന്റിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലായിരുന്നു നടന്നത്.