എം.എ യൂസുഫലി ഉദ്ഘാടനം ചെയ്യും
സൂപ്പർ ലീഗ് കേരളയിലെ മലപ്പുറത്തിന്റെ ക്ലബായ മലപ്പുറം ഫുട്‌ബോൾ ക്ലബിന്റെ ലോഞ്ചിങ് ഇന്ന് മലപ്പുറം എം.എസ്.പി ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് നാലിന് എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ്പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷനാവും. കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തും.
മലപ്പുറം എഫ്.സിയുടെ ചീഫ് പാട്ണറായി എം.എ യൂസഫ് അലിയെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കും. മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി എം.എ യൂസഫലിയുടെ പേരിലുള്ള ടീമിന്റെ ജേഴ്‌സി കൈമാറി മലപ്പുറം എഫ് സിയുടെ ജേഴ്‌സി ഔദ്യോഗികമായി പുറത്തിറക്കും. ക്ലബിന്റെ പരിശിലനത്തിന്
സഹായം നൽകിയ കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഫ്രൊ: പി. രവിന്ദ്രനെ എം.എ യുസഫ് അലി ആദരിക്കും.
ക്ലബിന്റെ ബ്രാൻഡ് അംബാസിഡർമാരായി സെലിബ്രിറ്റികളൊന്നുമില്ലെന്നും മലപ്പുറത്തെ ഓരോ ഫുട്‌ബോൾ പ്രേമിയുമാകും ടീമിന്റെ മുഖമെന്ന് ക്ലബ് പ്രമോട്ടേഴ്‌സ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഓഗസ്റ്റിൽ തന്നെ ടീം കോഴിക്കോട് സർവകലാശാല സ്റ്റേഡിയം കേന്ദ്രീകരിച്ച് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി സംഗീത വിരുന്നുൾപ്പെടെയുള്ള പരിപാടികൾ അരങ്ങേറും.
ടൂർണമെന്റിന്റെ ഭാഗമായി മലപ്പുറം എഫ്.സിയും, പയ്യനാട് ഹോം ഗ്രൗണ്ടായുള്ള തൃശൂർ ടീമും ചേർന്ന് പയ്യനാട് സ്റ്റേഡിയം നവീകരണത്തിനും പദ്ധതിയുണ്ട്. വാർത്താ സമ്മേളനത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽ കുമാർ, ക്ലബ്ബ് പ്രമോട്ടർമാരായ ആഷിഖ് കൈനിക്കര, എ.പി. ഷംസുദ്ധീൻ , ജംഷീദ് പി. ലില്ലി എന്നിവർ പങ്കെടുത്തു.