വിജയം പെപ്രയുടെ ഗോളിൽ
കഴിഞ്ഞ വർഷം ഇതേ മൈതാനത്ത് ഇതേ കാണികൾക്ക് മുന്നിൽ ഈസ്റ്റ് ബംഗാളിനോടേറ്റ തോൽവിക്ക് മധുരപ്രതികാരം ചെയ്ത് കേരള ബ്ലാസ്റ്റേള്‌സ്. സ്വന്തം തട്ടകത്തിലെ ആദ്യ തോൽവിയിൽ നിരാശരായി മടങ്ങിയ ആരാധകർക്ക് മുന്നിൽ മിന്നുന്ന വിജയവുമായിട്ടാണ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ മഞ്ഞപ്പട മൈതാനം വിട്ടത്. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ വിജയം കരസ്ഥമാക്കിയത്.
ബംഗാളിനായി പി.വി വിഷ്ണു (59) ആദ്യ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സിനായി നോവ സദോയിയും (63) പകരക്കാരനായി ഇറങ്ങിയ ക്വാമി പെപ്രയും (88) ഗോളുകൾ നേടി. ജയത്തോടെ പോയിന്റ് ടേബിൾ തുറന്ന ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തേയ്ക്ക് എത്തി. പഞ്ചാബിനെതിരെ ഏറ്റ തോൽവിക്ക് സ്വന്തം തട്ടകത്തിൽ വിജയത്തിലൂടെ ആരാധകർക്ക് ആവേശം നൽകി ബ്ലാസ്റ്റേഴ്‌സ് പതിനൊന്നാം സീസണിലും കിരീട പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ചു. ഇനി ഈ മാസം 29ന് നോർത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി.
മുന്നേറ്റവും പ്രതിരോധവും സമന്വയിച്ച ആദ്യ പകുതി
ഒന്നാം മിനിട്ടിൽ തന്നെ ബംഗാളിന്റെ മഹേഷ് സിങ്ങിനെ ഫൗൾ ചെയ്തതിന് ബോക്‌സിന് 30വാര അകലെ നിന്ന് കിട്ടിയ ഫ്രീകിക്കോടെ തുടക്കത്തിൽ തന്നെ മത്സരം ചൂടുപിടിച്ചു. പിന്നാലെ ലഭിച്ച കോർണറിൽ കിക്കിൽനിന്ന് മദീ തലാലിന്റെ മികച്ചൊരു ഷോട്ട് നേരിയ വ്യത്യാസത്തിലാണ് ബ്ലാസ്റ്റേഴസ് പോസ്റ്റിലുരുമ്മി പുറത്തേയ്ക്ക് പോയത്. പിന്നാലെ രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രത്യാക്രമണം.
ബോക്‌സിലേയ്ക്ക് ഓടിയെത്തി രാഹുൽ നൽകിയ ക്രോസ് പക്ഷെ സ്വീകരിക്കാൻ ആരുമുണ്ടായില്ല. പതിയെ താളംകണ്ടെത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത നീക്കത്തിന് ചുക്കാൻ പിടിച്ചത് നോവ സദോയിയായിരുന്നു. നല്ല പാസുമായി ബംഗാൾ ബോക്‌സിന് അടുത്ത് എത്തിയ സദോയി പന്ത് ജീസസ് ജിമേനേസിന് കൈമാറി. വെട്ടിയൊഴിഞ്ഞ ബംഗാൾ പോസ്റ്റ് ലക്ഷ്യമാക്കി ജിമേസേിന്റെ മിന്നൽ ഷോട്ട് പക്ഷെ പോസ്റ്റിലിടിച്ച് മടങ്ങി. ആരാധകരുടെ ഗോൾ പ്രതീക്ഷയ്ക്ക് പെട്ടെന്നാണ് തിരിച്ചടി നേരിട്ടത്.
ആവേശം നൽകി മാറ്റങ്ങൾ
ആദ്യമത്സരത്തിൽ പഞ്ചാബിൽ നിന്നേറ്റ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് ചില നിർണായക മാറ്റങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഇറങ്ങിയത്. ക്വാമി പെപ്രയെ പുറത്തിരുത്തിയ പരിശീലകൻ മൈക്കിൾ സ്റ്റാറെ നോവ സദോയിക്കൊപ്പം ജീസസ് ജിമേനേസിനെ ഇറക്കി. മധ്യനിരയിൽ നിന്ന് ഫ്രെഡിയെയും മുഹമ്മദ് ഐമനെയും പിൻലിച്ച് മലയാളിതാരം വിബിൻ മോഹനനും ഡാനിഷ് ഫാറൂഖിനും അവസരം നൽകി.
പ്രതിരോധനിരയിൽ നിന്ന് മറ്റൊരുമലയാളി താരം മുഹമ്മദ് ഷഹീസിനെ പിൻവലിച്ച് സന്ദീപ് സിങ്ങിനും ആദ്യ ഇലവനിൽ അവസരം ലഭിച്ചു. കഴിഞ്ഞ സീസണോടെ ബ്ലാസ്റ്റേഴ്‌സ്‌വിട്ട ദിമിത്രിയോസ് ഡയമന്റകോസിനെ പ്രധാന സ്‌ട്രൈക്കറുടെ റോള് നൽകിയാണ് ഈസ്റ്റ് ബംഗാൾ ഇറങ്ങിയത്. മദീ തലാൽ അടക്കമുള്ള വിദേശതാരങ്ങളും ബംഗാളിന് വേണ്ടി ബൂട്ട്‌കെട്ടിയപ്പോൾ പ്ലേമേക്കർ ക്ലേറ്റൻ സിൽവ പകരക്കാരന്റെ ബഞ്ചിലാണ് ഇടംപിടിച്ചത്.
എന്നാൽ കളിയുടെ ഗതിക്ക് അനുസരിച്ച് പകരക്കാരെ ഇറക്കി മുഖ്യ പരിശീലകൻ സ്റ്റാറെ മികവ് കാട്ടി. രണ്ടാം പകുതിയിൽ പെപ്ര യെയും മുഹമ്മദ് അസറിനെയും ഇറക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തിന് കരുത്ത്കൂടി.