ചരിത്രത്തിലാദ്യമായി ചെസ് ഒളിംപ്യാഡിൽ സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ഒളിംപ്യാഡിന്റെ അവസാന റൗണ്ടിൽ സ്ലോവേനിയയെ തോൽപിച്ചതോടെയായിരുന്നു ഇന്ത്യയുടെ പുരുഷ വിഭാഗം സ്വർണം നേടിയത്. ഇന്ത്യൻ യുവതാരം പ്രഗ്നാനന്ദ, ഗുകേഷ്, അർജുൻ, വിദിത്, ഹരികൃഷ്ണ എന്നിവരുൾപ്പെടുന്ന ടീമായിരുന്നു ഇന്ത്യക്കായി സ്വർണ മെഡൽ നേടിയത്.
വനിതാ വിഭാഗത്തിലെ അവസാന മത്സരത്തിൽ അസർബൈജാനെ തോൽപിച്ചായിരുന്നു ഇന്ത്യ സ്വർണ മെഡൽ നേട്ടത്തിലെത്തിയത്. പുരുഷ വിഭാഗത്തിലെ ചലഞ്ചർ ഡി മത്സരത്തിൽ അർജുൻ എറിഗെയ്‌സിയായിരുന്നു ആദ്യ ജയം നേടിയത്. നിലവിലെ ചാംപ്യൻമാരായ ഉസ്ബക്കിസ്ഥാനോട് ഇന്ത്യ സമനില വഴങ്ങിയിരുന്നെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ പഴുതടച്ച നീക്കങ്ങൾ നടത്തിയായിരുന്നു ഇന്ത്യയുടെ സ്വർണനേട്ടം.
അവസാന റൗണ്ടിൽ ഒന്നാം സീഡായ യു.എസ്.എയെ അട്ടിമറിക്കാനും ഇന്ത്യക്ക് കഴിഞ്ഞു. 2014ലിലും 2022ൽ ഇന്ത്യയിൽ നടന്ന ചാംപ്യൻഷിപ്പിലും ഇന്ത്യ വെങ്കല മെഡൽ നേടിയിരുന്നു. ഡി ഗുകേഷ് റഷ്യൻ താരം വഌഡിമർ ഫെഡോസീവിനെ തോൽപിച്ചതോടെ ഇന്ത്യക്ക് സ്വർണ പ്രതീക്ഷയുണ്ടായിരുന്നു. പിന്നീട് സെർബിയൻ താരം ജാൻ സുബെൽജിനെ അർജുൻ തോൽപിച്ചതോടെ ഇന്ത്യ മെഡലുറപ്പിച്ചിരുന്നു.
ഇന്ത്യക്കൊപ്പം ശക്തമായ പോരാട്ടവുമായി ഉണ്ടായിരുന്ന ചൈന അമേരിക്കക്കെതിരേ സമനില വഴങ്ങിയതോടെ ഇന്ത്യ സ്വർണം ഉറപ്പിക്കുകയായിരുന്നു. വൽഡിമിർ ഫെഡോസീവിനെ തോൽപ്പിച്ച് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് 18 കാരനായ ഗുകേഷ് ഡിയാണ്. അദ്ദേഹത്തിന്റെ വിജയം ടീമിന്റെ ആധിപത്യത്തിന് കളമൊരുക്കി. ആക്രമണോത്സുകമായി തുടങ്ങിയ ഗുകേശ് ശ്രദ്ധേയ വിജയമാണ് നേടിയത്.
ഹരിക ദ്രോണവല്ലി, ആർ വൈശാലി, ദിവ്യ ദേശ്മുഖ്, വന്തിക അഗർവാൾ, താനിയ സച്ച്‌ദേവ് എന്നിവരടങ്ങുന്ന വനിതാ ടീമാണ് ഇന്ത്യക്കായി സ്വർണ മെഡൽ സ്വന്തമാക്കിയത്.