ഐ ലീഗിൽ തുടർജയം പ്രതീക്ഷിച്ചിറങ്ങിയ ഗോകുലം കേരളക്ക് സമനില. ഇന്നലെ നടന്ന എവേ മത്സരത്തിൽ റിയൽ കശ്മീരാണ് ഗോകുലത്തെ സമനിലയിൽ തളച്ചത്. ടി.ആർ.സി സിന്തറ്റിക് ടർഫിൽ നടന്ന മത്സരത്തിൽ രണ്ടാം മിനുട്ടിൽ തന്നെ ഗോകുലം ഗോൾ വഴങ്ങി. റിയൽ കശ്മീർ പ്രതിരോധ താരവും മുൻ ഗോകുലം കേരള താരവുമായിരുന്ന അമിനോ ബൗബയായിരുന്നു ആദ്യ ഗോൾ നേടിയത്.
ഒരു ഗോൾ വഴങ്ങിയതോടെ ഗോകുലത്തിന്റെ താളം തെറ്റി. എന്നാൽ ഉടൻ തന്നെ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ മലബാറിയൻസ് ശക്തമായ നീക്കങ്ങൾ നടത്തിക്കൊണ്ടിരുന്നു. എന്നാൽ ആദ്യ പകുതിയിൽ ഗോളൊന്നും നേടാൻ ഗോകുലത്തിനായില്ല. സെർജിയോയുടെ ക്യാപ്റ്റൻസിൽ ഷിബിൻ രാജ്, അതുൽ, നിധിൻ, വി.പി സുഹൈർ, രാഹുൽ രാജ്, മഷൂർ ശരീഫ് തുടങ്ങിയ മലയാളി താരങ്ങളെ ഉൾപ്പെടുത്തിയായിരുന്നു മലബാറിയൻസ് ആദ്യ ഇലവൻ കളത്തിലിറങ്ങിയത്.
ഗോൾ മടക്കാനായി രണ്ടാം പകുതിയിൽ പുതിയ തന്ത്രവുമായി എത്തിയ ഗോകുലം ഒടുവിൽ ലക്ഷ്യം കണ്ടു. 76ാം മിനുട്ടിൽ അതുൽ ഉണ്ണിക്കൃഷ്ണനായിരുന്നു മലബാറിയൻസിനായി സമനില ഗോൾ നേടിയത്. മത്സരം സമനിലയിലായതോടെ ഇരു ടീമുകളും ഉണർന്നു കളിച്ചു. ജയം വേണമെന്ന വാശിയിൽ രണ്ട് ടീമുകളും ഗോൾകീപ്പർമാരെ മാറി മാറി പരീക്ഷിച്ചുകൊണ്ടിരുന്നു.
എന്നാൽ പിന്നീട് ഗോളൊന്നും പിറക്കാതിരുന്നതോടെ മത്സരം 1-1 എന്ന സ്‌കോറിന് സമനിലയിൽ അവസാനിക്കുകയായിരുന്നു. രണ്ട് മത്സരത്തിൽനിന്ന് നാലു പോയിന്റുള്ള റിയൽ കശ്മീരാണ് ഇപ്പോൾ പട്ടികയിൽ ഒന്നാമത്. ഇത്രയും പോയിന്റുള്ള ഗോകുലം രണ്ടാമതുണ്ട്. ഗോൾ ഡിഫ്രന്റാണ് റിയൽ കശ്മീരിനെ ഒന്നാമതെത്തിച്ചത്. ആദ്യ മത്സത്തിൽ ശ്രീനിധി ഡക്കാനെതിരേ 3-2ന്റെ ജയമായിരുന്നു ഗോകുലം നേടിയത്.
അന്ന് ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഗോകുലം തിരിച്ചുവന്ന് വിജയം കൊയ്തത്. എന്നാൽ ഇന്നലത്തെ മത്സരത്തിൽ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ മലബാറിയൻസിന് കഴിഞ്ഞില്ല. ഡിസംബർ മൂന്നിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഐസ്വാൾ എഫ്.സിക്കെതിരേയാണ് ഗോകുലത്തിന്റെ ലീഗിലെ അടുത്ത മത്സരം.