യൂറോകപ്പ്: രണ്ട് മത്സരത്തിലും ജർമനിക്ക് ജയം
യൂറോകപ്പിലെ രണ്ടാം മത്സരത്തിലും വെന്നിക്കൊടി പാറിച്ച് ആതിഥേയരായ ജർമനി. ഇന്ന് നടന്ന മത്സരത്തിൽ ഹംഗറിക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജർമനി ജയിച്ചുകയറിയത്. സ്വന്തം നാട്ടുകാർക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ തുടങ്ങിയ ജർമനി മികച്ച നീക്കങ്ങളുമായി കളംവാണു കളിച്ചു.
ഒടുവിൽ അവർ 22ാം മിനുട്ടിൽ ആദ്യ ഗോൾ നേടി. ഹംഗറിയുടെ ബോക്‌സിൽനിന്ന് കൺഫ്യൂഷനോടെ ലഭിച്ച പന്ത് ജമാൽ മുസിയേല ഹംഗറിയുടെ വലയിലെത്തിക്കുകയായിരുന്നു. ഒരു ഗോൾ നേടിയതോടെ ജർമനിയുടെ കരുത്ത്കൂടി. എന്നാൽ ഈ സമയത്ത് വീണുകിട്ടിയ അവസരത്തിലെല്ലാം ഹംഗറി ജർമൻ ഗോൾമുഖത്ത് ഭീതി പരത്തി.
ആദ്യ പകുതിയിൽ ജർമനി ഒരു ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ കൂടുതൽ ഗോളുകൾ നേടാമെന്ന പ്രതീക്ഷയിലെത്തിയ ജർമനി ഹംഗറിയുടെ പോസ്റ്റിലേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. അതിനിടെ ഗോളെന്നുറച്ച അവസരം ഹംഗറിക്ക് ലഭിച്ചെങ്കിലും ജർമൻ ഗോൾകീപ്പർ മാനുവൽ നൂയറിന്റെ സേവ് ജർമനിയുടെ രക്ഷക്കെത്തുകയായിരുന്നു.
മികച്ചൊരു നീക്കത്തിനൊടുവിൽ ഇൽകെ ഗുണ്ടോഗന്റെ ഗോളിൽ ജർമനി ലീഡ് രണ്ടാക്കി ഉയർത്തി. മത്സരത്തിൽ 70 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ച ജർമനി 19 ഷോട്ടുകളായിരുന്നു എതർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ ഏഴെണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. 11 ഷോട്ടുകളാണ് ഹംഗറി ജർമനിയുടെ പോസ്റ്റിലേക്ക് തൊടുത്തത്.
രണ്ട് മത്സരത്തിലും ജയിച്ച ജർമനി ആറു പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണിപ്പോൾ. രണ്ട് മത്സരത്തിലും തോറ്റ ഹംഗറി മൂന്നാം സ്ഥാനത്തുമുണ്ട്. 24ന് സ്വിറ്റ്‌സർലൻഡിനെതിരേയാണ് ജർമനിയുടെ അടുത്ത മത്സരം. ഇന്ന് നടന്ന മത്സരത്തിൽ അൽബേനിയയാണ് ക്രൊയേഷ്യയെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ മൃഗീയ ഭൂരിപക്ഷവും പന്ത് കൈവശംവെച്ച് കളിച്ച ക്രോട്ടുകൾ അൽബേിനയയുടെ പ്രതിരോധക്കോട്ട പൊളിക്കാനായില്ല.