തുടർച്ചയായ തോൽവികളിൽ നിന്ന് കരകയറിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് വീണ്ടും സ്വന്തം ഗ്രൗണ്ടിൽ വിജയതുടർച്ചയ്ക്കായി ഇറങ്ങും. ഐ.എസ്.എൽ സീസണിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുനിൽക്കുന്ന കരുത്തരായ എഫ്.സി ഗോവയെയാണ് കേരളത്തിന്റെ കൊമ്പന്മാർ നേരിടുക. ഇന്ന് വൈകിട്ട്7.30ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.
പോയിന്റ് ടേബിളിൽ നിലവിൽ 11 പോയിന്റുമായി ഒമ്പതാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്‌സ്. ഇന്നത്തെ കളിയിൽ വിജയിച്ചാൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴിസിന് ആദ്യ ആറിനുള്ളിൽ ഇടംപിടിക്കാൻ കഴിയും. കരുത്തരായ ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു ശക്തമായ തിരിച്ചുവരവിന്റെ സൂചനകൾ നൽകിയ മഞ്ഞപ്പട ഫോം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോൾ പ്രേമികൾ.
പോയിന്റ് നിലയിൽ ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം ഒന്നു മാത്രമായതിനാൽ ഇന്നത്തെ മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സിന് നിർണായകമാണ്. സ്വന്തം ഗ്രൗണ്ടിൽ മൂന്ന് പരാജയങ്ങൾ ഏറ്റുവാങ്ങിയതിന് ശേഷം വലിയൊരു മുന്നേറ്റമാണ് ആരാധകർക്ക് മുന്നിൽ മഞ്ഞപ്പട തീർത്തത്. ഈ സീസണിൽ ഇതുവരെ കളിച്ചതിൽ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ ദിവസം ചെന്നൈയിനെതിരെ ടീം പുറത്തെടുത്തത്.
പരിശീലകൻ മൈക്കിൾ സ്റ്റാറെയ്ക്കും ടീമിന്റെ പ്രകടനത്തിൽ 100 ശതമാനം സംതൃപ്തി. ഗോവയ്‌ക്കെതിരെ മികവ് തുടരാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് പരിശീലകനും. പേര് കേട്ട മുന്നേറ്റനിരയുള്ള ടീമാണ് ഗോവ. എന്നാൽ അവർക്കെതിരേ ചില തന്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. അത് മൈതാനത്ത് കാണാമെന്നാണ് മൈക്കിൾ സ്റ്റാറെ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
മുന്നേറ്റ നിരയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച ജീസസ് ജെമിനെസ്-ലൂണ-നോവ സഖ്യത്തിലാണ് ടീമിന്റെ പ്രതീക്ഷകൾ. നോവ സദോയി പരുക്ക് മാറി മികച്ച ഫോമിലേയ്ക്ക മടങ്ങിയത് ടീമിന് നൽകുന്ന ആത്മവിശ്വാസം വലുതാണ്. ഇതിന് പിന്നാലെ ആറ് കളികളിൽ തുടർച്ചയായി ഗോളുകൾ നേടി റെക്കോർഡിട്ട ജിമനെസിന്റെ പ്രകടനവും ഗോൾസാഹചര്യം ഒരുക്കുന്നതിൽ മിടുക്കനായ ക്യാപ്റ്റൻ ലൂണയും ചേരുമ്പോൾ ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷ ഇരട്ടിയാകുകയാണ്.
സീസണിലെ മികച്ച ഫോമിൽ നിൽക്കുന്ന ടീമാണ് മനോലോ മാർക്വസ് പരിശീലിപ്പിക്കുന്ന ഗോവ എഫ് സി. അവസാന രണ്ട് കളികളിലും തകർപ്പൻ ജയം നേടിയാണ് ടീം കൊച്ചിയിൽ ഇറങ്ങുന്നത്. കരുത്തരായ പഞ്ചാബ് എഫ് സി, ബാഗ്ലൂർ എഫ് സി ടീമുകളെ പരാജയപ്പെടുത്തിയ കരുത്തുമായിട്ടാണ് ഗോവൻതാരനിര എത്തുന്നത്. സൂപ്പർ ലീഗ് ചരിത്രത്തിൽ കേരളവുമായി നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ മേൽക്കൈ ഗോവയ്ക്കായിരുന്നു.
20 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 11 തവണയും ജയിച്ച് കയറിയത് ഗോവയാണ്. അഞ്ച് കളികളിൽ മാത്രമാണ് മഞ്ഞപ്പടയ്ക്ക് ജയിക്കാൻ സാധിച്ചത്. ആറ് കളികളിൽ നിന്നായി നാല് ഗോളുമായി മികച്ച ഫോമിൽ കളിക്കുന്ന ബോർജ ഹെരേരയിലൂടെയാണ് ഗോവയുടെ പ്രതീക്ഷ. ഇതിന് പുറമേ ഗോവൻ ഗോൾ യന്ത്രമായി മാറിയ അൽബേനിയൻ താരം അർമാൻഡോ സാദിക്കുവും ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയാണ്.
ഏഴ് കളികളിൽ നിന്നായി ഈ താരം അടിച്ച് കൂട്ടിയത് എട്ട് ഗോളുകളാണ്. ഗോവൻ മുന്നേറ്റനിരയുടെ തന്ത്രങ്ങൾ പൊളിക്കാനുള്ള ബ്ലാ്‌സ്റ്റേഴ്‌സ് പ്രതിരോധനിരയുടെ പ്രതീക്ഷകൾ പുലരുമോയെന്നാണ് ഇന്ന് ആരാധകർ ഉറ്റുനോക്കുന്നത്.