കൊച്ചിയിലെ മൈതാനത്ത് സ്‌ഫോടനം നടത്താനെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് നനഞ്ഞ പടക്കമായി. സ്വന്തം തട്ടകത്തിൽ തകർത്തതിന്റെ ആവേശവുമായി ഗോവയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റി. ഏകപക്ഷീയമായ ഒരു ഗോളിന് ഗോവയോട് കൊമ്പൻമാർ അടിയറവ് പറഞ്ഞു. കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം നടത്തിയ മുൻനിര നിറംമങ്ങിയതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.
ഗോവയ്ക്കായി ബോറിസ് സിങ് തങ്കജമാണ് ഏക ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയെ അനങ്ങാനാവാത്ത വിധം പൂട്ടിയ ഗോവൻ പ്രതിരോധ നിരയ്ക്കാണ് ജയത്തിന്റെ ക്രെഡിറ്റ്. തോറ്റെങ്കിലും ഒമ്പതാം സ്ഥാനത്ത് തന്നെ തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഗോവ അഞ്ചാം സ്ഥാനത്തെ ി. ഇനി ഡിസംബർ ഏഴിന് ബാംഗ്ലൂരുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി.
ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച നീക്കത്തോടെയാണ് മത്സരം ആരംഭിച്ചത്. കെ.പി രാഹുൽ ബോക്‌സിന് തൊട്ടടുത്തുനിന്ന് നൽകിയ പാസുമായി നോഹ സദൗയി ഗോവയുടെ ഗോൾപോസ്റ്റിലേക്ക് കുതിച്ചെങ്കിലും ലക്ഷ്യംതെറ്റി പന്ത് പുറത്തേക്ക് പോയി. പിന്നീട് നടന്നത് പന്ത് ഗോവയുടെ കോർട്ടിൽ ഭദ്രമാകുന്ന കാഴ്ച്ചയായിരുന്നു. നോഹയെ പൂട്ടുകയെന്ന ലക്ഷ്യവുമായി രംഗത്തെത്തിയ ഗോവ അതിൽ വിജയിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങക്ക് വേഗതകുറഞ്ഞു.
ജീസസ് ജിമിനെസ്, ലൂണ എന്നിവരെയും ഗോവ കൃത്യമായി മാർക്ക് ചെയ്ത് തളച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് മൈതാനത്തിന്റെ മധ്യത്ത് തന്നെ വട്ടം ചുറ്റിക്കളിക്കേണ്ട അവസ്ഥയിലായിരുന്നു. ഗോവയുടെ പോസ്റ്റിലേക്ക് നടത്തുന്ന ചെറിയ നീക്കപോലും തടയാൻ ഏഴോളം പേരാണ് അണിനിരന്നത്. മികച്ച താരങ്ങളെ പൂട്ടി ബ്ലാസ്റ്റേഴ്‌സിനെ മൈതാനത്ത് വട്ടം ചുറ്റിക്കുക, ഇടക്ക് അപ്രതീക്ഷിത ആക്രമണം നടത്തി ഗോൾ നേടുകയെന്ന തന്ത്രം ഗോവ കൃത്യമായി നടപ്പാക്കി.
മത്സരത്തിന്റെ 26ാം മിനുട്ടിൽ ഇത്തരമെരു മികച്ച നീക്കം ഗോവ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഗോവയ്ക്ക് അനുകൂലമായി കിട്ടിയ ഫ്രീകിക്ക് ഗുറോടക്‌സേനയുടെ കാലിലൂടെ പറന്ന് ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിനെയും കടന്ന് ഗോളിന് അരികിലെത്തിച്ചെങ്കിലും പോസ്റ്റിലിടിച്ച് മടങ്ങി. ഒടുവിൽ മത്സരത്തിന്റെ 40ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് ഗോവയുടെ ആദ്യഗോൾ പിറന്നു.
ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിരതാരം നവോച്ച സിങ്ങിന്റെ അശ്രദ്ധ മുതലാക്കിപന്തുമായി മുന്നിലേയ്ക്ക് കുതിച്ച ഗോവൻ മധ്യനിരതാരം ബോറിസ് സിങ് തങ്കജം പന്ത് ഇടത്തേ മൂലയിലേയ്ക്ക് പായിച്ചു. ഗോളി സച്ചിൻ സുരേഷിന്റെ കൈകളിലൊതുങ്ങാതെ പന്ത് ബ്ലാസ്റ്റേഴ്‌സിന്റെ വലയിലേക്ക് പാഞ്ഞുകയറി. ഒരുഗോളിന്റെ കടവുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പക്ഷെ ഗ്രൗണ്ടിൽ കാര്യമായൊന്നും ചെയ്യാനുണ്ടായില്ല.
എന്നാൽ ആദ്യപകുതി നിർത്തിയിടത്ത് നിന്ന് തന്നെയാണ് ഗോവ തുടങ്ങിയത്. ഗോളെന്ന് ഉറച്ച അവസരം പക്ഷെ സച്ചിൻ സുരേഷ് ഏറെ പണിപ്പെട്ടാണ് തട്ടിയകറ്റിയത്. കളിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ സാധിക്കാത്ത ജിമിനെസിനെ പിൻവലിച്ച് ക്വാമി പെപ്രയെ ഇറക്കിയതോടെയാണ് മുന്നേറ്റനിരയ്ക്ക് അൽപ്പം ജീവൻവച്ചത്. നോവ സദോയിയെ കൂട്ടുപിടിച്ച് പെപ്ര ചില നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ അകന്ന് നിന്നു.
മറുവശത്ത് ഗോവയുടെ പ്രത്യാക്രമണങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾ മുഖം വിറച്ചെങ്കിലും സച്ചിൻ സുരേഷിന്റെ ഇടപെൽ അപകടമൊഴിവാക്കുകയായിരുന്നു. കളിയുടെ അവസാന സമയത്ത് ബോക്‌സിന് വെളയിൽ നിന്ന് കിട്ടിയ ഫ്രീകിക്ക് കൂടി പാഴായതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പതനം പൂർണമായി.കഴിഞ്ഞ കളിയിൽ വിജയിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്.
കോറോ സിങ്ങിനെ മധ്യനിരയിൽ നിന്ന് പിൻവലിച്ച് കെ.പി രാഹുലിന് അവസരം നൽകി. പ്രതിരോധനിരയിലേയ്ക്ക് പ്രീതം കോട്ടാൽ മടങ്ങി എത്തിയപ്പോൾ സന്ദീപിന് പുറത്തിരിക്കേണ്ടി വന്നു. ലൂണ,ജിമിനെസ്,നോവ സദോയി സഖ്യം തന്നെ മുന്നേറ്റ നിരയെ നയിച്ചപ്പോൾ എട്ട് ഗോളുകൾ നേടിയ അർമാൻഡോ സാദിക്കുവിനെ പുറത്തിരുത്തിയാണ് ഗോവ ആദ്യ ഇലവനെ അവതരിപ്പിച്ചത്.