തുടർച്ചയായി 28 മത്സരം ജയിച്ച് ഫുട്‌ബോളിലെ കൊടുങ്കാറ്റായി മാറിക്കൊണ്ടിരുന്ന കൊളംബിയ കോപാ അമേരിക്കൻ ഫൈനലിൽ ആഞ്ഞുവീശിയില്ല. ഫൈനലിലെ ശക്തമായ പോരാട്ടത്തിനൊടുവിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീന തന്നെ കോപാ അമേരിക്ക ചാംപ്യൻമാരായി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീനയുടെ ജയം. 112ാം മിനുട്ടിൽ ലൗതാരോ മാർട്ടിനസിന്റെ ഗോളിലായിരുന്നു അർജന്റീന തുടർച്ചയായ രണ്ടാം തവണയും കോപാ അമേരിക്ക കിരീടം നേടിയത്.
നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിത സമനിലയിലായതിനാൽ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. അധിക സമയത്തായിരുന്നു മാർട്ടിനസിന്റെ ഗോൾ. പരുക്കേറ്റതോടെ മെസ്സി മത്സരം പൂർത്തിയാക്കാതെ കളംവിട്ടു. മികച്ച ഗോൾ കീപ്പറായി അർജന്റീനയുടെ എമിലിയാനോ മാർട്ടിനസിനെ തിരഞ്ഞെടുത്തു. അഞ്ചു ഗോളുമായി ലൗതാരോ മാർട്ടിനസ് ടൂർണമെന്റിലെ ടോപ് സ്‌കോററായി. കൊളംബിയൻ താരം ഹമാർ റോഡ്രിഗസിനെ ടൂർണമെന്റിലെ താരമായും തിരഞ്ഞെടുത്തു.