യൂറോകപ്പിൽ തുടർച്ചയായ രണ്ടാം തവണയും ഇംഗ്ലണ്ടിന് തോൽവി. ഇന്ന് രാത്രി നടന്ന കിരീടപ്പോരാട്ടത്തിൽ 2-1ന് സ്‌പെയിനിനോടായിരുന്നു ഇംഗ്ലണ്ട് തോറ്റത്. ശക്തമായ താരപ്പടയുമായി എത്തിയെങ്കിലും ഒരു യൂറോകപ്പ് എന്ന മോഹം ബാക്കിയാക്കിയായിരുന്നു ഗരത് സൗത്‌ഗേറ്റും താരങ്ങളും മടങ്ങിയത്. നിർണായകമായ മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ടൂർണമെന്റിലെ ആദ്യ ഗോൾ പിറന്നത്. 47ാം മിനുട്ടിൽ നികോ വില്യംസിന്റെ ഗോളിൽ സ്‌പെയിൻ മുന്നിലെത്തി. ഒരു ഗോളിന്റെ ലീഡ് നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം സ്‌പെയിൻ ഏറ്റെടുത്തെങ്കിലും ഇംഗ്ലണ്ട് പൊരുതിക്കൊണ്ടിരുന്നു. എന്നാൽ പകരക്കാരനായി കളത്തിലെത്തിയ കോലോ പാമർ 73ാം മിനുട്ടിൽ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലായതോടെ ഇരു ടീമുകൾക്കും ആവേശം വർധിച്ചു.
എന്നാൽ ആ ആവേശത്തിന് അധിക ആയുസുണ്ടായില്ല. 86ാം മിനുട്ടിൽ കുക്കുറയ്യയുടെ പാസിൽനിന്ന് മിഖയേൽ ഒയ്‌റാസ്‌ബെൽ സ്‌പെയിനിന്റെ മാലാഖയായി അവതരിക്കുകയായിരുന്നു. താരത്തിന്റെ ഗോളിൽ സ്‌പെയിൻ ലീഡ് നേടി. പിന്നീട് ഇംഗ്ലീഷ് സംഘത്തിന്റെ മുന്നേറ്റത്തെ സ്‌പെയിൻ ചെറുത്ത് തോൽപ്പിച്ചതോടെ നാലാം കിരീടവുമായി സ്‌പെയിൻ നാട്ടിലേക്ക് മടങ്ങി.