യൂറോകപ്പിൽ കൂനിൻമേൽ കുരു എന്ന പോലെ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. യൂറോപ്പിലെ ഏറ്റവും മികച്ച താരനിരയുണ്ടായിട്ടും ഒരു മത്സരത്തിൽ മാത്രം ജയിച്ച ഇംഗ്ലണ്ട് ടീം ക്യാംപിൽനിന്ന് യുവതാരം ഫിൽ ഫോഡൻ മടങ്ങിയതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. കുടുംബ പരമായ കാരണങ്ങൾകൊണ്ടാണ് താരം ക്യാംപ് വിട്ടതെന്നാണ് വിശദീകരണം.
കുടുംബ പരമായ കാരണങ്ങൾകൊണ്ട് ക്യാംപ് വിടുന്ന താരം ഉടൻ തിരിച്ചെത്തുമെന്നും ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. ഗ്രൂപ്പ് സിയിൽ മൂന്ന് മത്സരത്തിൽനിന്ന് അഞ്ചു പോയിന്റ് മാത്രമാണ് ഇംഗ്ലണ്ടിന് ഇതുവരെ നേടാനായിട്ടുള്ളു. യൂറോപ്പിലെ വമ്പൻ ക്ലബുകൾക്കായി കളിക്കുന്ന താരങ്ങളുണ്ടായിട്ടും മൂന്ന് മത്സരത്തിൽ രണ്ട് ഗോൾ മാത്രമാണ് ഇംഗ്ലണ്ട് സ്‌കോർ ചെയ്തിട്ടുള്ളു.
പരിശീലകൻ സൗത്‌ഗേറ്റിന്റെ തീരുമാനമാണ് ഇംഗ്ലണ്ടിന്റെ ഈ അവസ്ഥക്ക് കാരണമെന്നാണ് ആരാധകരുടെ വിശദീകരണം. ഇക്കാരണത്താൽ കഴിഞ്ഞ ദിവസം സ്ലോവേനിയക്കെതിരേയുള്ള മത്സരത്തിൽ സൗത്‌ഗേറ്റിനെ കാണികൾ കുപ്പി കൊണ്ട് എറിയുകയും ചെയ്തിരുന്നു. യൂറോപ്പിലെ വമ്പൻ താരനിരയുമായി എത്തിയിട്ടും ഇംഗ്ലണ്ട്് നിറംമങ്ങിയ പ്രകടനമായിരുന്നു സ്ലോവേനിയക്കെതിരേ പുറത്തെടുത്തത്.
ഇന്നലെ നടന്ന മത്സരത്തിൽ സ്ലോവേനിയക്കെതിരേ ഗോൾ രഹിത സമനിലയിലാണ് ഇംഗ്ലണ്ട് മത്സരം അവസാനിപ്പിച്ചത്. ഇതോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് സിയിൽനിന്ന് അഞ്ച് പോയിന്റുമായി ആദ്യ സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. താര സമ്പന്നമായ ഇംഗ്ലണ്ടിന്് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയക്കെതിരേ വിറച്ചു ജയിച്ച ടീം പിന്നീട് ഡെൻമാർക്കിനോട് സമനില വഴങ്ങിയിരുന്നു.
ഇപ്പോൾ സ്ലൊവേനിയയോടും സമനില തന്നെ ഫലം. ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ങാം, ഫിൽ ഫോഡൻ, ബുക്കയോ സാക്ക പോലുള്ള വൻ താരനിരകൾ ഇറങ്ങിയിട്ടും ഒരു ഗോൾപോലും നേടാനാവാതെ ഇംഗ്ലണ്ട് പതറി. മത്സരത്തിന്റെ അഞ്ചാംമിനുട്ടിൽത്തന്നെ സ്ലൊവേനിയക്ക് മികച്ച അവസരം ലഭിച്ചു. സ്ലൊവേനിയൻ താരം സെസ്‌കോയുടെ ഹെഡർ ഇംഗ്ലണ്ട് ഗോൾക്കീപ്പർ പിക്ക്‌ഫോർഡ് രക്ഷപ്പെടുത്തി. 21ാം മിനുട്ടിൽ ഇംഗ്ലണ്ടിന് മികച്ച അവസരം ലഭിച്ചെങ്കിലും ഓഫ് സൈഡായത് വിനയായി.
സ്ലൊവേനിയയുടെ ഭാഗത്തുനിന്ന് ഇംഗ്ലണ്ടിനെ ഞെട്ടിക്കുന്ന ചില നീക്കങ്ങളുണ്ടായെങ്കിലും ഗോൾ അകന്നുനിന്നു. ആദ്യപകുതിയിലെ സ്ലൊവേനിയയുടെ മികച്ച പ്രകടനത്തോടെ ഇംഗ്ലണ്ട് പരിശീലകൻ ടീം തന്ത്രങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി. സാകയ്ക്ക് പകരം കോൾ പാമറിനെ ഉൾപ്പെടെ ഇറക്കി പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല. യൂറോ കപ്പിലെ പാമറിന്റെ അരങ്ങേറ്റമാണിത്.
ഇംഗ്ലണ്ടിനുവേണ്ടി രണ്ട് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ പാമറിന് കഴിഞ്ഞു. മത്സരത്തിലുടനീളം നിയന്ത്രണം പുലർത്താനോ ആരാധകരെ തൃപ്തിപ്പെടുത്തുന്ന കളി നടത്താനോ ചടുലതയുള്ള നീക്കങ്ങൾക്കോ ഇംഗ്ലണ്ടിന് സാധ്യമായില്ല.