യൂറോകപ്പ്
യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ നടന്ന മരണക്കളിയിൽ ഗ്രൂപ്പ് ചാംപ്യൻമാരായ റൊമേനിയ യൂറോകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. ഇന്നലെ നടന്ന സ്ലോവാക്യ റൊമാനിയ മത്സരം 1-1 എന്ന സ്‌കോറിന് അവസാനിച്ചതോടെയായിരുന്നു ഗ്രൂപ്പ് ചാംപ്യൻമാരായി റൊമേനിയ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. തുല്യ ശക്തികൾ ഏറ്റുമുട്ടിയ മത്സരത്തിൽ സ്ലോവാക്യയായിരുന്നു മേധാവിത്തം പുലർത്തിയത്.
59 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച സ്ലോവാക്യ 13 ഷോട്ടുകളായിരുന്നു റൊമേനിയയുടെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. 24ാം മിനുട്ടിൽ ഒൻട്രെയ് ദുബയായിരുന്നു സ്ലോവാക്യക്കായി ആദ്യ ഗോൾ നേടിയത്. സ്ലോവാക്യ ഒരു ഗോൾ നേടിയതോടെ റൊമേനിയ സമനിലക്കായി പൊരുതിക്കളിച്ചുകൊണ്ടിരുന്നു. ഒടുവിൽ 37ാം മിനുട്ടിൽ റൊമേനിയ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു.
പെനാൽറ്റിയിൽനിന്ന് റസ്വാൻ മാരിനായിരുന്നു റൊമാനിയയുടെ സമനില ഗോൾനേടിയത്. പിന്നീട് ഇരു ടീമുകൾക്കും ഗോളൊന്നും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് മത്സരം സമനിലയിൽ അവസാനിച്ചു. മൂന്ന് മത്സരത്തിൽനിന്ന് നാലു പോയിന്റാണ് റൊമാനിയ നേടിയത്. ഉക്രൈൻ ബെൽജിയം മത്സരം സമനിലയിൽ കലാശിച്ചതോടെ ബെൽജിയവും ഗ്രൂപ്പ് ഇയിൽനിന്ന് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.
ഉക്രൈനെതിരേയുള്ള മത്സരം ഗോൾ രഹിതമായിട്ടായിരുന്നു അവസാനിച്ചത്. മൂന്ന് മത്സരത്തിൽനിന്ന് നാലു പോയിന്റുള്ള ഉക്രൈൻ ടൂർണമെന്റിൽനിന്ന് പുറകത്തായി. മൂന്ന് മത്സരത്തിൽനിന്ന് നാലു പോയിന്റുള്ള സ്ലോവാക്യ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. നാലു പോയിന്റ് നേടിയതോടെ ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരായി സ്ലോവാക്യക്കും പ്രീ ക്വാർട്ടറിൽ പ്രവേശിക്കാനാകും. നാലു പോയിന്റ് ഉണ്ടെങ്കിലും ഉക്രൈൻ നാലാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്.