സീസണിലെ ആദ്യ എൽക്ലാസിക്കോയിൽ റയൽ മാഡ്രിഡിന്റെ തട്ടകത്തിൽ ബാഴ്‌സലോണയുടെ അഴിഞ്ഞാട്ടമായിരുന്നു ഇന്നലെ നടന്നത്. മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിന് ജയിച്ച ബാഴ്‌സ റയലിനെ ബെർണബ്യൂവിൽ മുട്ടുകുത്തിച്ചായിരുന്നു മടങ്ങിയത്. മത്സരശേഷം തോൽവിയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. മത്സരത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും വിറച്ചും വിറപ്പിച്ചും നീക്കങ്ങൾ നടത്തി.
ഇരു ടീമുകൾക്കും ഗോളിലേക്കായി ആദ്യ പകുതിയിൽ തന്നെ സുവർണാവസരങ്ങൾ തുറന്നുകിട്ടിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയാവുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു ബാഴസയുടെ തേരോട്ടം. റോബർട്ട് ലെവൻഡോസ്‌കിയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് കാറ്റാലൻമാർ ബെർണബ്യൂവിൽ വെന്നിക്കൊടി പാറിച്ചത്. 54ാം മിനുട്ടിൽ റോബർട്ട് ലെവൻഡോസ്‌കിയായിരുന്നു മത്സരത്തിലെ ആദ്യ വെടി പൊട്ടിച്ചത്.
റയൽ മാഡ്രിഡിനായി എംബാപ്പെ രണ്ട് തവണ പന്ത് വലയിലെത്തിച്ചെങ്കിലും അപ്പോഴെല്ലാം ഓഫ് ഡൈസ് വില്ലനാവുകയായി. ആറിലധികം തവണയായിരുന്നു എംബാപ്പെ ഓഫ്‌സൈഡായത്. അധികം വൈകാതെ 56ാം മിനുട്ടിൽ ലെവൻഡോസ്‌കി രണ്ടാം ഗോളും നേടി റയലിന്റെ സമ്മർദം വർധിപ്പിച്ചു. ഗോൾ മടക്കാനായി റയൽ ശക്തമായ ശ്രമങ്ങൾ നടത്തുന്നതിനിടെ ബാഴസലോണ മൂന്നാം ഗോളും ജയത്തിനുള്ള സൂചന നൽകി.
77ാം മിനുട്ടിൽ ലാമിനെ യമാലായിരുന്നു മൂന്നാം ഗോൾ നേടിയത്. മൂന്ന് ഗോൾ ലീഡ് നേടിയതോടെ ബാഴ്‌സലോണക്ക് പിന്നീട് കാര്യങ്ങൾ എളുപ്പമായിരുന്നു. 84ാം മിനുട്ടിൽ റഫീഞ്ഞയുടെ ഗോൾകൂടി പിറന്നതോടെ ബാഴസ വിജയം ഉറപ്പിക്കകുയായിരുന്നു. ” ഞങ്ങൾ ഇതിന് മുൻപും ബാഴ്‌സലോണയോട് പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ ആ സീസണിൽ ഞങ്ങൾ ലാലിഗ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. അതിനാൽ തോൽവിയിൽ ആശങ്കയില്ല” മത്സരശേശം റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി വ്യക്തമാക്കി.
11 മത്സരത്തിൽനിന്ന് 30 പോയിന്റുള്ള ബാഴ്‌സലോണയാണ് ഇപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇത്രയും മത്സരത്തിൽനിന്ന് 24 പോയിന്റുള്ള റയൽ മാഡ്രിഡ് പട്ടികയിൽ രണ്ടാം സ്ഥാനത്തുമുണ്ട്. ലീഗിലെ അടുത്ത മാസം മൂന്നിന് റയൽ വലൻസിയയെ നേരിടുമ്പോൾ ഇതേ ദിവസം ബാഴ്‌സലോണ എസ്പാനിയോളിനെതിരേയും മത്സരിക്കും.