റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെക്കെതിരേ ലൈംഗിക പീഡന ആരോപണം. താരത്തിനെതിരേ ബലാത്സംഗക്കുറ്റത്തിന് അന്വേഷണം നടക്കുന്നുണ്ടെന്ന് സ്വീഡിഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന പ്രതികരണവുമായി എംബാപ്പെ രംഗത്തെത്തി. 25കാരനായ താരം അടുത്തിടെ സ്റ്റോക്ക്‌ഹോമില്‍ നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് സംഭവം നടന്നതെന്ന് സ്വീഡിഷ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ച്, റിപ്പോര്‍ട്ട് പൊലിസിന് സമര്‍പ്പിച്ചു. ഒക്ടോബര്‍ 10ന് ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നും കൂടുതല്‍ വിവരങ്ങളൊന്നും തല്‍ക്കാലം പങ്കിടാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാന്‍സിന്റെ യുവേഫ നാഷന്‍സ് ലീഗ് മത്സരങ്ങളില്‍ എംബാപ്പെ കളിച്ചിരുന്നില്ല. ഇതിനിടെയാണ് താരം സ്റ്റോക് ഹോം സന്ദര്‍ശിച്ചത്.
വാര്‍ത്തകള്‍ക്ക് പിന്നാലെ തനിക്കെതിരേ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് എംബാപ്പെ എക്‌സില്‍ പോസ്റ്റ് ചെയ്തു. ‘ഇത് വ്യാജവാര്‍ത്തയാണ്. ഹിയറിങ് നടക്കുന്ന സായാഹ്നത്തില്‍ തന്നെ ഈ വാര്‍ത്ത വരുന്നത് പ്രതീക്ഷിച്ചതായിരുന്നു’ എന്നാണ് എംബാപ്പെ പോസ്റ്റ് ചെയ്തത്.
തന്റെ മുന്‍ ക്ലബായ പി.എസ്.ജിയില്‍ നിന്നും 511 കോടിയോളം കിട്ടാനുണ്ടെന്ന് കാണിച്ച് എംബാപ്പെ ഫ്രഞ്ച് ഫുട്‌ബോള്‍ അധികൃതര്‍ക്ക് മുമ്പാകെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പണം തരില്ലെന്ന് പി.എസ്.ജി അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ നടന്നുവരികയാണ്. ഇതിലേക്കാണ് എംബാപ്പെ ആരോപണത്തെ ചേര്‍ത്തുവെച്ചത്. എന്നാല്‍ പി.എസ്.ജി അധികൃത# ഇത് നിഷേധിച്ചു. ഈ വര്‍ഷമാണ് താരം പി.എസ്.ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്.