പാരിസ് ഒളിംപിക്‌സിൽ പി.വി സിന്ധുവിന് മെഡലില്ലാതെ മടക്കം. ഇന്ന് നടന്ന പ്രീ ക്വാർട്ടറിൽ ചൈനീസ് താരം ഹേ ബിങ്ജിയോയോട് തോറ്റായിരുന്നു സിന്ധുവിന്റെ ഒളിംപിക്‌സ് മെഡൽ സ്വപ്‌നം അവസാനിച്ചത്. ആദ്യ സെറ്റിൽ സിന്ധുവും ബിങ്ജിയും ഇഞ്ചോടിഞ്ച് പോരാട്ടം പുറത്തെടുത്തെങ്കിലും 19-21ന് ആദ്യ സെറ്റിൽ സിന്ധു വീണു.
ആദ്യ സെറ്റ് നഷ്ടമായതോടെ രണ്ടാം സെറ്റിൽ അൽപം പതറിയായിരുന്നു സിന്ധു മത്സരിച്ചത്. ഒടുവിൽ 14-21 രണ്ടാം സെറ്റും നഷ്ടപ്പെട്ടതോടെയായിരുന്നു സിന്ധു പുറത്തായത്. റിയോ ഒളിംപിക്‌സിൽ വെള്ളിയും ടോകിയോ ഒളിംപ്ക്‌സിൽ വെങ്കലവും നേടിയ സിന്ധു ഇത്തവണ വെറും കൈയ്യോടെയാണ് പാരിസിൽനിന്ന് മടങ്ങുക.
ബാഡ്മിന്റണിൽ ഇന്ത്യയെ വീഴ്ത്തി ഇന്ത്യ
20 കിലോമീറ്റർ നടത്തത്തിൽ നിരാശ
ഒളിംപിക്‌സിൽ പുരുഷ ബാഡ്മിന്റണിന്റെ പ്രീ ക്വാർട്ടറിൽ മത്സരിക്കാനെത്തിയത് ഇന്ത്യൻ താരങ്ങളായ എച്ച്.എസ് പ്രണോയിയും ലക്ഷ്യ സെന്നും. രണ്ടും ഇന്ത്യൻ താരങ്ങളായതോടെ പരിശീലകർ ഇല്ലാതെയായിരുന്നു ഇരുവരും മത്സരിച്ചത്. മത്സരത്തിൽ പ്രണോയിയെ തോൽപിച്ച സെൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ഏകപക്ഷീയ മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് ലക്ഷ്യയുടെ വിജയം.
സ്‌കോർ: 21-12, 21-6. അതേസമയം, പുരുഷ ഡബിൾസിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന സാത്വിക്ചിരാഗ് സഖ്യത്തിന്റെ ക്വാർട്ടറിലെ തോൽവി ഇന്ത്യയ്ക്ക് വേദനയായി. ലോക റാങ്കിങ്ങിൽ ഏഴാമതുള്ള മലേഷ്യയുടെ ആരോൺ ചിയസോ വൂയി യിക് സഖ്യമാണ് ഇന്ത്യൻ സഖ്യത്തെ വീഴ്ത്തിയത്. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യൻ സഖ്യം തോൽവി വഴങ്ങിയത്.