യുവേഫ ചാംപ്യന്‍സ് ലീഗില്‍ ആന്‍ഫീല്‍ഡില്‍ നടന്ന ക്ലാസിക് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തി ലിവര്‍പൂള്‍. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സ്വന്തം തട്ടകത്തില്‍ ലിവര്‍പൂളിന്റെ ജയം. അര്‍ജന്റീനിയന്‍ താരം മാക് അലിസ്റ്ററും ഡച്ച് താരം കോഡി ഗാക്‌പോയുമാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്. മത്സരത്തിനിടെ ലഭിച്ച പെനാല്‍റ്റി പാഴാക്കി ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയലിന്റെ ദുരന്തനായകനുമായി. ലിവര്‍പൂളിനായി മുഹമ്മദ് സലാഹും പെനാല്‍റ്റി പാഴാക്കി.
ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്.
52ാം പകുതിയില്‍ കോണൊര്‍ ബ്രാഡ്‌ലിയുടെ അസിസ്റ്റില്‍ നിന്നാണ് അലിസ്റ്റര്‍ ഗോള്‍നേടിയത്. തുടര്‍ന്ന് ഗോള്‍ മടക്കാന്‍ റയലിന് സുവര്‍ണാവസരം ലഭിച്ചു. വാസ്‌കസിനെ റോബട്‌സണ്‍ ലിവര്‍പൂള്‍ ബോക്‌സില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി ലഭിക്കുകയായിരുന്നു. എന്നാല്‍ പെനാല്‍റ്റിയെടുത്ത എംബാപ്പെക്ക് പിഴച്ചു. ലിവര്‍പൂള്‍ കീപ്പര്‍ കെല്ലഹര്‍ സേവ്‌ചെയ്യുകയായിരുന്നു.
68ാം മിനുട്ടില്‍ ഡാര്‍വിന്‍ നുനസിനെ പിന്‍വലിച്ച് കോഡി ഗാക്‌പോ കളത്തിലെത്തി. 70ാം മിനുട്ടില്‍ ലിവര്‍പൂളിനും ലഭിച്ചു പെനാല്‍റ്റി. എന്നാല്‍, ഇത്തവണ കിക്കെടുത്ത സലാഹിനും പിഴച്ചു. പക്ഷെ 76ാം മിനുട്ടില്‍ ലിവര്‍പൂള്‍ രണ്ടാം ഗോളും കണ്ടെത്തി. ആന്‍ഡ്രൂ റോബര്‍ട്‌സന്റെ അസിസ്റ്റില്‍ നിന്ന് പകരക്കാരന്‍ ഗാക്‌പോയാണ് വലതുളച്ചത്.
ഗോള്‍ കീപ്പര്‍ തിബോ കുര്‍ട്ടോയിസിന്റെ സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ റയല്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങുമായിരുന്നു.
ചാംപ്യന്‍സ് ലീഗിലെ ലീഗ് ഘട്ടത്തില്‍ ഇതുവരെ കളിച്ച 5 മത്സരങ്ങളില്‍ അഞ്ചും ജയിച്ച ലിവര്‍പൂള്‍ ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ചില്‍ മൂന്നിലും തോല്‍വി വഴങ്ങിയ നിലവിലെ ചാംപ്യന്‍മാരായ റയല്‍ 24 ആം സ്ഥാനത്താണ്.