മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ടു ഗോളിന് തോൽപിച്ചു
വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ദുരന്തത്തിന് ഇരയായവരോടുള്ള ആദര സൂചകമായി കറുത്ത ആംബാഡ് അണിഞ്ഞായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിക്കെതിരേ ഡ്യൂറാണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ കളത്തിലിറങ്ങിയത്. മത്സരത്തിൽ എതിരില്ലാത്ത എട്ടു ഗോളിന് മുംബൈ സിറ്റിയെ പരാജയപ്പെടുത്തി. അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ അയ്മൻ, പെപ്ര, പുതുമുഖ താരം നോഹ തുടങ്ങിയവരായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഇലവനിൽ കളത്തിലിറങ്ങിയത്.
പ്രതിരോധ നിരയിൽ മിലോസ്, ഹോർമിപാം, സഹീഫ് എന്നിവരും ആദ്യ ഇലവനിലെത്തി. മുംബൈ സിറ്റിക്കായി റിസർവ് ടീമായിരുന്നു ഇറങ്ങിയത്. മത്സരത്തിന്റെ 32ാം മിനുട്ടിൽ നോഹയിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോൾ പിറന്നത്. ആദ്യ ഗോൾ താരങ്ങളെല്ലാം വയനാടിന് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് മത്സരം തുടർന്ന ബ്ലാസ്റ്റേഴ്‌സ് പിന്നീട് ഏഴു ഗോളുകളായിരുന്നു മുംബൈ സിറ്റിയുടെ വലയിലെത്തിച്ചത്.
പിന്നീട് കൃത്യമായ ഇടവേളകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകൾ മുംബൈയുടെ വലയിലെത്തി. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിന്റെ ലീഡായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. ബാക്കി അഞ്ചു ഗോളുകളും നേടിയത് രണ്ടാം പകുതിയിലായിരുന്നു. ബ്ലാസ്റ്റേഴ്‌സിനായി പെപ്രയും നോഹയും ഹാട്രിക് നേടി. 39ാം മിനുട്ടിൽ പെപ്രയുടെ വകയായിരുന്നു രണ്ടാം ഗോൾ. പിന്നീട് കൃത്യമായ ഇടവേളികളിൽ ഗോൾ നേടി ഇരുവരും ഹാട്രിക് പൂർത്തിയാക്കി.
പകരക്കാരനായി കളത്തിലെത്തിയ ഇഷാൻ പണ്ഡിതയും രണ്ട് ഗോളുകൾ നേടി. 86, 87 മിനുട്ടുകളിലായിരുന്നു ഇഷാന്റെ ഗോളുകൾ. മത്സരത്തിൽ 65 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സ് 25 ഷോട്ടുകളായിരുന്നു മുംബൈയുടെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ 13 എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. ഞായറാഴ്ച പഞ്ചാബ് എഫ്.സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ടൂർണമെന്റിലെ അടുത്ത മത്സരം.