കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോണ്ടെനെഗ്രിൻ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിചിന്റെ കരാർ 2026 വരെ നീട്ടി ക്ലബ്. അവസാന സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനായി നടത്തിയ മിന്നും പ്രകടനമാണ് കരാർ നീട്ടാൻ കാരണം. 2023ൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സിയിൽ ചേർന്നത് മുതൽ മഞ്ഞപ്പടയുടെ പ്രതിരോധ നിരയിലെ പ്രധാന താരമാണ് 25കാരൻ. തന്റെ ആദ്യ സീസണിൽ, മിലോസ് 22 മത്സരങ്ങളിൽ ടീമിൽ കാര്യമായ സ്വാധീനം ചെലുത്തി.
മത്സരത്തിന്റെ ഗതി നിർണയിച്ച നിർണായക ഗോളുകൾക്കും വഴിയൊരുക്കാൻ ഡ്രിൻസിച്ചിന് കഴിഞ്ഞിരുന്നു. പ്രതിരോധത്തിലെ പ്രകടനം കാരണം കാരണം ആരാധകരുടെ പിന്തുണ നേടിയിരുന്നു. ‘മികച്ച പ്രകടനവും, നേതൃഗുണവും, നിശ്ചയദാർഢ്യമുള്ള ഒരു കളിക്കാരനാണ് മിലോസ്. അദ്ദേഹം ഞങ്ങളോടൊപ്പം തുടരുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അദ്ദേഹത്തിന്റെ ഒരു നല്ല സീസണിനായി ഞാൻ കാത്തിരിക്കുകയാണ് ‘ കരാർ നീട്ടിയതിനെ കുറിച്ച് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് വ്യക്തമാക്കി.
‘കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള ബന്ധം തുടരുന്നത് എനിക്ക് വളരെ എളുപ്പമുള്ള തീരുമാനമായിരുന്നു. ആരാധകരുടെ സ്‌നേഹവപം ക്ലബ്ബിന്റെ കാഴ്ചപ്പാടും എന്റെ അഭിലാഷങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, തുടർന്നും സംഭാവനകൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ടീമിനെ ഒന്നിലധികം കിരീട വിജയങ്ങളിലേക്ക് നയിക്കുക എന്നതാണ് എന്റെ ലക്ഷ്യം.’ കരാർ പുതുക്കിയ ശേഷം ഡ്രിൻസിച്ച് വ്യക്തമാക്കി.