ഇംഗ്ലീഷ് ക്ലബ് ബ്രൈറ്റൺ പരിശീലകൻ ഫാബിയന്‍ ഹര്‍സലെറിന് പ്രായം 31 ആണ്. എന്നാല്‍ താന്‍ പരിശീലിപ്പിക്കുന്ന ജെയിംസ് മില്‍നറിന് പ്രായം 38. ജെയിംസ് ഫിലിപ് മില്‍നര്‍ എന്ന ഇംഗ്ലീഷ് മിഡ്ഫില്‍ഡര്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറുമ്പോള്‍ ഹര്‍സെലറിന്റെ പ്രായം വെറും ഒന്‍പത് ആണെന്നതാണ് ശ്രദ്ധേയം. പ്രീമിയര്‍ ലീഗില്‍ ഇത്രയും അനുഭവ സമ്പത്തുള്ള താരത്തേയാണ് ഹര്‍സലെര്‍ ഇപ്പോള്‍ പരിശീലിപ്പിക്കുന്നത്.
ഇന്നലെ പ്രീമിയര്‍ ലീഗ് സീസണില്‍ ബ്രൈറ്റണായി കളത്തിലിറങ്ങിയതോടെ ഒരു പുതിയ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് മില്‍നര്‍. ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് സീസണുകള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് മില്‍നര്‍ ഇന്നലെ സ്വന്തമാക്കിയത്. ഇന്നലെ കളത്തിലിറങ്ങിയതോടെ 23 പ്രീമിയര്‍ ലീഗ് സീസണുകളിലാണ് മില്‍നര്‍ കളിച്ചത്. 22 സീസണുകളില്‍ കളിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായിരുന്ന റയാന്‍ ഗിഗ്‌സിനെയാണ് മില്‍നര്‍ പിന്നിലാക്കിയത്.
2002ല്‍ തന്റെ 16ാം വയസ്സിലാണ് മില്‍നര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറുന്നത്. ലീഡ്‌സ് യുനൈറ്റഡിനായായിരുന്നു തന്റെ ആദ്യ സീസണുകളില്‍ താരം കളിച്ചത്. പിന്നീട് ന്യൂകാസില്‍ യുനൈറ്റഡ്, ആസ്റ്റണ്‍ വില്ല, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്കായും കളിച്ച മില്‍നര്‍ കഴിഞ്ഞ സീസണിലാണ് ബ്രൈറ്റണിലെത്തുന്നത്. 23 സീസണുകളിലായി 636 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ മില്‍നര്‍ കളത്തിലിറങ്ങി. ഇതില്‍ ലിവര്‍പൂളിനായാണ് താരം കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത്. 230 തവണയാണ് ലിവര്‍പൂള്‍ ജഴ്‌സിയില്‍ താരം കളത്തിലെത്തിയത്.
ഇനി 17 മത്സരങ്ങള്‍ കൂടി കളിച്ചാല്‍ ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ എന്ന റെക്കോഡിലും താരത്തിനെത്താം. 653 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ആസ്റ്റണ്‍ വില്ല ഇതിഹാസം ഗാരത് ബാരിയാണ് ഈ ലിസ്റ്റില്‍ മില്‍നറിന് മുമ്പിലുള്ളത്.
ഇംഗ്ലണ്ട് ദേശീയ ടീമിനായി 61 മത്സരങ്ങളിലും മില്‍നര്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.