യൂറോകപ്പ്- ലൂസേഴ്സ് ഫൈനൽ
യുവേഫ യൂറോകപ്പ് ഫൈനലിന് അക്ഷമരായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. ഇന്ത്യന്‍ സമയം നാളെ അര്‍ധരാത്രി നടക്കുന്ന കലാശപ്പോരില്‍ വമ്പന്മാരായ സ്‌പെയിനും ഇംഗ്ലണ്ടും തമ്മിലാണ് നേര്‍ക്കുനേര്‍ വരുന്നത്. സെമിഫൈനലില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ കീഴടക്കിയാണ് സ്‌പെയിന്‍ കലാശപ്പോരിനെത്തുന്നത്. ഇതേ സ്‌കോറിന് തന്നെ നെതര്‍ലന്‍ഡ്‌സിനെ സെമിയില്‍ മുട്ടുകുത്തിച്ചാണ് ഇംഗ്ലണ്ടും കലാശ ടിക്കറ്റെടുത്തത്. ഇരു ടീമുകളും ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് സെമി കടന്നതെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍, യൂറോകപ്പില്‍ ഫ്രാന്‍സും നെതര്‍ലന്‍ഡ്‌സും തമ്മില്‍ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരം നടക്കാത്തതെന്താണെന്നാണ് പല ആരാധകരുടെയും സംശയം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കോപ അമേരിക്കയിലടക്കം മൂന്നാം സ്ഥാന മത്സരം അരങ്ങേറാനിരിക്കെയാണ് പലരും യൂറോകപ്പിലെ മൂന്നാം സ്ഥാനക്കാരെ തിരയുന്നത്. ലോകകപ്പ്, കോപ അമേരിക്ക, ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് തുടങ്ങി മേജര്‍ ടൂര്‍ണമെന്റുകളിലെല്ലാം സെമിയില്‍ പുറത്താവുന്ന രണ്ട് ടീമുകള്‍ തമ്മില്‍ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരം നടക്കാറുണ്ട്. എന്നാല്‍ യൂറോ കപ്പില്‍ മാത്രം ഈ മത്സരം ഉണ്ടാവാറില്ല.
1980ലെ യൂറോകപ്പിന് ശേഷമാണ് യുവേഫ മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള മത്സരം നടത്തേണ്ട എന്ന തീരുമാനത്തിലെത്തുന്നത്.
കളിയോടുള്ള താല്‍പര്യം കുറവായതിനാല്‍ സ്റ്റേഡിയത്തിലെയും ടെലിവിഷനിലെയും കാണികളുടെ കുറവ് കണക്കിലെടുത്താണ് യുവേഫ ഈ തീരുമാനത്തിലെത്തിയത്. 1980ലെ ലൂസേഴ്‌സ് ഫൈനലില്‍ ആതിഥേയരായ ഇറ്റലിയെ ചെക്കോസ്ലോവാക്യ പെനാല്‍റ്റില്‍ 9-8ന് തോല്‍പ്പിച്ചു. ഇതാണ് യൂറോകപ്പ് ചരിത്രത്തിലെ അവസാന ലൂസേഴ്‌സ് ഫൈനല്‍. പിന്നീട് 2008ലും 2012ലും സെമിയില്‍ പുറത്തായവര്‍ക്ക് വെങ്കല മെഡലുകള്‍ സമ്മാനിച്ചിരുന്നു. 2008ല്‍ തുര്‍ക്കിയും റഷ്യയും 2012ല്‍ ജര്‍മനിയും പോര്‍ചുഗലും ഈ മെഡലുകള്‍ സ്വീകരിച്ചു.
എന്നാല്‍, 2016 മുതല്‍ യുവേഫ ഇതും നിര്‍ത്തിവച്ചു.