പരമ്പര 3-0ന് സ്വന്തമാക്കി ഇന്ത്യ
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. പരമ്പരയിലെ മൂന്ന് മത്സരവും ജയിച്ചാണ് ഇന്ത്യന്‍ ടീം പരമ്പര കൈക്കലാക്കിയത്. ഇന്ന് നടന്ന അവസാന മത്സരത്തില്‍ ഏഴുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ എട്ടിന് 215 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ ഓപ്പണര്‍ സ്മൃതി മന്ധാനയുടെ ബാറ്റിങ് കരുത്തില്‍ 40.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ആദ്യ രണ്ടു മത്സരങ്ങളും സെഞ്ചുറി നേടിയ മന്ധാന ഇന്നും സെഞ്ചുറിക്കരികിലെത്തിയിരുന്നു. എന്നാല്‍ 90 റണ്‍സില്‍ നില്‍ക്കുമ്പോള്‍ നന്‍കുലുലേകോ മ്ലാബയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. 83 പന്തില്‍ 11 ഫോറുകള്‍ സഹിതമാണ് താരം 90 റണ്‍സെടുത്തത്. 48 പന്തില്‍ 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും തിളങ്ങി. ഷഫാലി വര്‍മ (39 പന്തില്‍ 25), പ്രിയ പൂനിയ (40 പന്തില്‍ 28) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ജമീമ റോഡ്രിഗസ് 31 പന്തില്‍ 19 റണ്‍സുമായും റിച്ച ഘോഷ് മൂന്ന് പന്തില്‍ ആറ് റണ്‍സുമായും പുറത്താവാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ലൗറ വോള്‍വാര്‍ടിന്റെ അര്‍ധസെഞ്ചുറിക്കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 57 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്. എന്നാല്‍ മറ്റാര്‍ക്കും തിളങ്ങാനാവാതിരുന്നതോടെ സ്‌കോര്‍ 215ല്‍ ഒതുങ്ങുകയായിരുന്നു. ഇന്ത്യക്കായി അരുന്ധതി റെഡ്ഡി, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.