വനിതാ ഏഷ്യാ കപ്പിന്റെ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ ഇന്ന് ബംഗ്ലാദേശിനെ നേരിടാൻ കളത്തിലിറങ്ങുന്നു. ഇന്ന് ഉച്ചക്ക് രണ്ടിന് ധാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം നടക്കുന്നത്. ഗ്രൂപ്പ്ഘട്ടത്തിലെ മൂന്ന് മത്സരത്തിലും മികച്ച ജയം സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ അനായാസം മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
ഓപണർമാരായ ഷഫാലി വർമയും സ്മൃതി മന്ഥനയും മികച്ച ഫോമിലാണെന്നുള്ളത് ഇന്ത്യക്ക് മികച്ച ആത്മവിശ്വാസം വർധിപ്പിക്കുന്നു. മിഡിൽ ഓർഡറിൽ ജമീമ റോഡ്രിഗസ്, ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ, റിച്ച ഘോഷ് എന്നിവരും ബാറ്റിങ്ങിൽ ഇന്ത്യക്ക് കരുത്ത് പകരാനുണ്ട്. ബൗളിങ്ങിൽ ദീപ്തി ശർമ, രേണുക സിങ്, രാധ യാദവ് എന്നിവർ ഫോം നിലനിർത്തുന്നതും ഇന്ത്യക്ക് പ്രതീക്ഷയാണ്.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ ഏഴു വിക്കറ്റിന് തോൽപിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ യു.എ.ഇയിയെ 78 റൺസിനും കീഴടക്കി. മൂന്നാം മത്സരത്തിൽ നേപാളിനെതിരേ 82 റൺസിന്റെ ആധികാരിക ജയമായിരുന്നു ഇന്ത്യ നേടിയത്. അതിനാൽ ഇന്നത്തെ മത്സരത്തിൽ ബംഗ്ലാ കടുവകളെട കൂട്ടിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ നീലക്കടുവകൾ ഇന്ന് കളത്തിലിറങ്ങുന്നത്.
ഇക്കഴിഞ്ഞ മെയിൽ ഇന്ത്യ ബംഗ്ലാദേശിനെതിരേ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പര ഇന്ത്യ കളിച്ചിരുന്നു. അന്ന് പരമ്പരയിലെ അഞ്ചു മത്സരവും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരിയായിരുന്നു മടങ്ങിയത്. അതിനാൽ ഇന്ന് ബംഗ്ലാദേശ് ഉയർത്തുന്ന വെല്ലുവിളി അനായാസം മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹർമൻപ്രീത് കൗറും സംഘവും.