ബംഗ്ലാദേശിനെ പത്തു വിക്കറ്റിന് തോൽപിച്ചു
വനിതാ ഏഷ്യാ കപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യൻ വനിതകളുടെ റോയൽ എൻട്രി. ഇന്ന് നടന്ന സെമി ഫൈനലിൽ ബംഗ്ലാദേശിനെ പത്തു വിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 80 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 11 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യം മറികടക്കുകയായിരുന്നു.
കൃത്യമായ ലൈനിലും ലങ്തിലും പന്തെറിഞ്ഞ ബൗളർമാരായിരുന്നു ബംഗ്ലാദേശിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. രണ്ട് പേർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കടന്നത്. 51 പന്തിൽ 32 റൺസെടുത്ത ക്യാപ്റ്റൻ നിഗർ സുൽത്താന, 18 പന്തിൽ 19 റൺസെടുത്ത ഷോണ അക്തർ എന്നിവർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കടന്നത്. നാല് ഓവറിൽ 10 റൺസും ഒരു മെയ്ഡനും ഉൾപ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ രേണുക സിങായിരുന്നു ഇന്ത്യയുടെ വിജയശിൽപി.
നാല് ഓവറിൽ 14 റൺസ് വഴങ്ങി ഒരു മെയ്ഡൽ ഉൾപ്പെടെ രാധാ യാദവും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. പൂജാ വസ്ത്രാകർ, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കാരങ്ങൾ അനായാസമായിരുന്നു. ഓപണർമാരായി ക്രീസിലെത്തിയ സ്മൃതി മന്ഥനയും ഷഫാലിയും വർമയുമായിരുന്നു ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. 39 പന്തിൽ നിന്ന് 55 റൺസുമായി മന്ഥനയും 28 പന്തിൽനിന്ന് 26 റൺസുമായി ഷഫാലി വർമയും ഔട്ടാകാതെ നിന്നു.

ഗ്രൂപ്പ്ഘട്ടത്തിലെ മൂന്ന് മത്സരത്തിലും മികച്ച ജയം സ്വന്തമാക്കിയ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരേയുള്ള മത്സരവും അനായാസം ജയിച്ചു കയറാൻ കഴിഞ്ഞു. ഓപണർമാരായ ഷഫാലി വർമയും സ്മൃതി മന്ഥനയും മികച്ച ഫോമാണ് ഇന്ത്യക്ക് തുണയായത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ ഏഴു വിക്കറ്റിന് തോൽപിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ യു.എ.ഇയിയെ 78 റൺസിനും കീഴടക്കി. മൂന്നാം മത്സരത്തിൽ നേപാളിനെതിരേ 82 റൺസിന്റെ ആധികാരിക ജയമായിരുന്നു ഇന്ത്യ നേടിയത്.