മത്സരം രാവിലെ 7.50 മുതൽ
ദക്ഷിണാഫ്രിക്കക്കെതിരേയുള്ള ടി20 പരമ്പര ജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ഇനി ടെസ്റ്റ് മത്സരച്ചൂടിലേക്ക്. ആസ്‌ത്രേലിയക്കെതിരേയുള്ള ഇന്ത്യയുടെ ബോർഡർ ഗവാസ്‌കർ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് പരമ്പരക്കാണ് ഇന്ന് തുടക്കമാകുന്നത്. രാവിലെ 7.50 മുതൽ പെർത്തിലാണ് മത്സരം. അവസാനമായി നടന്ന ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
40 വർഷത്തിന് ശേഷമായിരുന്നു ഇന്ത്യ നാട്ടിൽ ന്യൂസിലൻഡിനെതിരേ തോൽവി വഴങ്ങിയത്. കിവികൾക്കെതിരേയുള്ള തോൽവി കാരണം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ മുന്നോട്ടുള്ള യാത്ര കഠിനമായിരിക്കുകയാണ്. ആസ്‌ത്രേലിയക്കെതിരേ നടക്കുന്ന പരമ്പരയിൽ 4-0 ന്റെ ജയമെങ്കിലും നേടിയാൽ മാത്രമേ ഇനി ഇന്ത്യക്ക് പ്രതീക്ഷയുള്ളു.
അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ആസത്രേലിയയിൽ കളിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ആസ്‌ത്രേലിയയുടെ മടയിൽ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ഇത്തവണ ഹാട്രിക് നേട്ടമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നാട്ടിൽ കിവീസിനോട് നാണംകെട്ടുവരുന്ന ഇന്ത്യക്ക് ഇത്തവണ കാര്യങ്ങൾ എളുപ്പമാവില്ലെന്നുറപ്പ്. സൂപ്പർ താരങ്ങളോടെയാണ് ഇത്തവണയും ഇന്ത്യ ഇറങ്ങുന്നത്.
എന്നാൽ പരുക്കും മോശം ഫോമും ഇന്ത്യയെ പിന്നോട്ടടിക്കുകയാണ്. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കൊണ്ട് ഏറ്റവും ശ്രദ്ധേയമായി മാറാൻ ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരക്ക് സാധിച്ചിട്ടുണ്ട്. രണ്ട് ശക്തമായ ടീമുകൾ തമ്മിലുള്ള മത്സരമായതിനാൽ ഇന്ത്യ-ഓസീസ് പോരാട്ടങ്ങൾക്ക് എന്നും പ്രത്യേക വീറും വാശിയുമാണുള്ളത്.
വിരലിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന ശുഭ്മാൻ ഗിൽ ഒരുപക്ഷെ ഇന്ന് കളത്തിലിറങ്ങും. പരിശീലനത്തിനിടെ പരുക്കേറ്റ ഗില്ലിന് ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇന്ന് രാവിലെ മത്സരം തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഫിറ്റ്‌നസ് തെളിയിക്കുകയാണെങ്കിൽ ഗില്ലിന് ടീമിലിടം നേടാൻ കഴിയും. വ്യക്തിപരമായ കാരണങ്ങളാൽ രോഹിത് ശർമ ആദ്യ ടെസ്റ്റിന് ഉണ്ടാകില്ല.
അതേസമയം പരിശീലനത്തിനിടെ പരുക്കേറ്റ ബൗളർ ഖലീൽ അഹ്മദ് ടീമിലുണ്ടാകില്ല. റിസർവ് നിരയിലുണ്ടായിരുന്ന ഖലീന് പകരക്കാരനായി യാഷ് ദയാലിനെയാണ് ടീമിലുൾപ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശ് പരമ്പരയിലും യാഷ് ദയാലിനെ റിസർവ് ടീമിലുൾപ്പെടുത്തിയിരുന്നു. എന്നാൽ താരത്തിന് അന്ന് ഒരു മത്സരത്തിൽ പോലും കളിക്കാൻ കഴിഞ്ഞിരുന്നില്ല.
ആദ്യ മത്സരത്തിനായി ബൗളിങ്ങിനെ തുണക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നത്. പേസർമാരെ നന്നായി സഹായിക്കുന്ന പിച്ചാണ് പെർത്തിലേത്. അതിനാൽ ബാറ്റർമാർക്ക് റൺസ് കണ്ടെത്തണമെങ്കിൽ അൽപം കഷ്ടപ്പെടേണ്ടി വരും. ഇന്ത്യയുടെ പേസ് നിരയിലേക്ക് ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവാരും എത്തുക. പെർത്തിൽ ഇന്ന് 25 ശതമാനം മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
ഇന്ത്യൻ ടീം: ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ.എൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, ആകാശ് ദീപ് സിറാജ് , ഹർഷിത് റാണ, പ്രസിദ് കൃഷ്ണ, അഭിമന്യു ഈശ്വരൻ, വാഷിംഗ്ടൺ സുന്ദർ.
ആസ്േ്രതലിയൻ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, മർനസ് ലാബുഷാഗ്‌നെ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, നഥാൻ മക്‌സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്.