ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഇന്ന് രോഹിത് ശർമയുടെ നേതൃത്വത്തിലാണ് കളത്തിലിറങ്ങുന്നത്. ഇന്ന് ഉച്ചക്ക് 2.30നാണ് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരക്ക് ശ്രീലങ്കയിൽ തുടക്കമാകുന്നത്. ശുഭ്മാൻ ഗിൽ സഹനായകനായന്റെ റോളിലാണ് എത്തുന്നത്. ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ, റിയാൻ പരാഗ് എന്നിവരുൾപ്പെടുന്ന ടീമിൽ വിക്കറ്റ് കീപ്പറായി കെ.എൽ രാഹുലും ഋഷഭ് പന്തുമുണ്ടെങ്കിലും പന്തായിരിക്കും കീപ്പറുടെ റോളിലെത്തുക.
ബൗളർമരായ മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, ഖലീൽ അഹ്മദുമുണ്ട്. സ്പിന്നറായി കുൽദീപ് യാദവും ഏകദിന ടീമിലിടം നേടിയിട്ടുണ്ട്. അതേസമയം മലയാളി താരം സഞ്ജു സാംസണ് ഏകദിന ടീമിലിടം ലഭിച്ചിട്ടില്ല. താരത്തിന് ടി20 മത്സരത്തിൽ സ്ഥാനം ലഭിച്ചിരുന്നു.
രണ്ട് മത്സരത്തിൽ സഞ്ജു ഇറങ്ങിയെങ്കിലും ഒരു റണ്ണ് പോലും താരത്തിന് എടുക്കാൻ സാധിച്ചില്ല. ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി സ്ഥാനമേറ്റെടുത്തതിന് ശേഷം ഇന്ത്യയുടെ ആദ്യ ഏകദിനമാണ് ഇന്നത്തേത്. ഓഗസ്റ്റ് നാലിന് രണ്ടാം ഏകദിനവും ഏഴിന് മൂന്നാം ഏകദിനത്തിലും ഇന്ത്യ കളിക്കും. നേരത്തെ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടി20 ടീം മൂന്ന് മത്സരത്തിലും ജയിച്ച് പരമ്പര തൂത്തുവാരിയിരുന്നു.