അറിയാം ക്രിക്കറ്റിലെ സ്റ്റോപ് ക്ലോക്ക് നിയമം
അട്ടിമറികള്‍ തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്നലെ അമേരിക്കക്കെതിരേ ഇന്ത്യയും ഒരു അട്ടിമറി മണത്തിരുന്നു. കീഴടങ്ങിയെങ്കിലും ശക്തരായ ഇന്ത്യയെ വിറപ്പിച്ചാണ് ആതിഥേയരായ അമേരിക്ക പരാജയം സമ്മതിച്ചത്. 110 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ തുടക്കത്തില്‍ തന്നെ കോഹ്ലിയെയും രോഹിതിനെയും നഷ്ടപ്പെട്ട് പരുങ്ങലിലായിരുന്നു. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെയും ശിവം ദുബെയുടെയും മികവില്‍ ഇന്ത്യ വിജയിച്ചു കയറുകയായിരുന്നു.
എന്നാല്‍ മത്സരത്തിനിടെ അംപയര്‍ ഇന്ത്യക്ക് അനുവദിച്ച അഞ്ച് പെനാല്‍റ്റി റണ്‍സാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇന്ത്യക്ക് ജയിക്കാന്‍ 30 പന്തില്‍ 35 റണ്‍സ് വേണ്ട സമയത്തായിരുന്നു ഈ സംഭവം. 16ാം ഓവര്‍ എറിയാനെത്തിയ ജസ്ദീപ് പന്തെറിയാന്‍ വൈകിയതോടെയാണ് അംപയര്‍ ഇന്ത്യക്ക് അഞ്ച് റണ്‍സ് പെനാല്‍റ്റി അനുവദിച്ചത്. ഈ ഓവറിനു മുമ്പ് രണ്ടു തവണ അമേരിക്കക്ക് ഓവര്‍ വൈകുന്നതില്‍ അംപയര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. മൂന്നാമതും വൈകിയതോടെയാണ് ഇന്ത്യക്ക് അഞ്ച് റണ്‍സ് അനുവദിച്ചത്. ഐ.സി.സി ഈയടുത്ത് നടപ്പാക്കിയ സ്റ്റോപ്‌ക്ലോക്ക് നിയമം അനുസരിച്ചാണിത്.
എന്താണ് സ്റ്റോപ് ക്ലോക്ക് നിയമം
മത്സരത്തില്‍ ഒരു ഓവര്‍ പൂര്‍ത്തിയായി ഒരുമിനുട്ടിനകം അടുത്ത ഓവറിലെ ആദ്യ പന്ത് എറിയാന്‍ ബൗളര്‍ തയാറെടുക്കണമെന്നാണ് സ്‌റ്റോപ് ക്ലോക്ക് നിയമം പറയുന്നത്. ഒരു ഇന്നിങ്‌സില്‍ മൂന്നുതവണ നിയമം ലംഘിച്ചാല്‍ ബാറ്റിങ് ടീമിന് അഞ്ച് റണ്‍സ് ബോണസായി ലഭിക്കുമെന്നാണ് വ്യവസ്ഥ. ആദ്യ രണ്ടുതവണ ബോളിങ് ടീമിന് വാണിങ് നല്‍കിയ ശേഷമായിരിക്കും ബാറ്റ് ചെയ്യുന്ന ടീമിന് റണ്‍ അനുവദിക്കുക.
്അഞ്ച്‌റണ്‍സ് പെനാല്‍റ്റി ലഭിച്ചതോടെ ഇന്ത്യയുടെ ലക്ഷ്യം 30 പന്തില്‍ 30 റണ്‍സായി മാറി. ഇതോടെ സമ്മര്‍ദ്ദമില്ലാതെ ലക്ഷ്യത്തിലേക്ക് ബാറ്റുവീശാന്‍ സൂര്യകുമാറിനും ശിവം ദുബെക്കും കഴിഞ്ഞു. 49 പന്തില്‍ രണ്ട് വീതം ഫോറുകളും സിക്‌സറുകളും സഹിതം 51 റണ്‍സാണ് സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയത്. ശിവം ദുബെ 35 പന്തില്‍ 31 റണ്‍സുമെടുത്തു.
നേരത്തെ നാല് ഓവറില്‍ ഒന്‍പത് റണ്‍്‌സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിങ്ങാണ് അമേരിക്കയെ 110 റണ്‍സിലൊതുക്കിയത്.