ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ലോകാ ചാംപ്യൻമാരും കോപാ അമേരിക്ക ചാംപ്യൻമാരുമായ അർജന്റീന. കോപ്പ അമേരിക്ക കിരീടം നിലനിർത്തിയതോടെയാണ് അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നത്. 1901.84 പോയിന്റോടെയാണ് അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തിയത്. 1854.91 പോയിന്റുമായി യൂറോ കപ്പിന്റെ സെമി ഫൈനലിലെത്തിയ ഫ്രാൻസ് രണ്ടാം സ്ഥാനത്തും തുടരുന്നു.
യൂറോ കപ്പിൽ ചാംപ്യൻമാരായതോടെ സ്‌പെയിൻ മികച്ച നേട്ടം കൊയ്തു. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 1835.67 പോയിന്റുമായി എട്ടാം സ്ഥാനത്തുണ്ടായിരുന്ന സ്‌പെയിൻ മൂന്നാം സ്ഥാനത്താണ് എത്തിയത്. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. യൂറോകപ്പിന്റെ ഫൈനലിൽ കളിച്ചതോടെയായിരുന്നു ഇംഗ്ലണ്ട് സ്ഥാനം മെച്ചപ്പെടുത്തിയത്. 1812.26 ആണ് ഇംഗ്ലണ്ടിന്റെ പോയിന്റ്.
കോപ്പ അമേരിക്കയിൽ കാര്യമായ നേട്ടം കൊയ്യാൻ കഴിയാതിരുന്നതോടെ ബ്രസീലിന് ഒരു സ്ഥാനം നഷ്ടമായി. കോപയുടെ ക്വാർട്ടറിൽ പരാജയപ്പെട്ട ബ്രസീൽ ഒരു സ്ഥാനം താഴോട്ടിറങ്ങി അഞ്ചാം സ്ഥാനത്താണ് എത്തിയത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം ആറാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. യൂറോകപ്പിലെ മോശം പ്രകടനമാണ് ബെൽജിയത്തിന് വിനയായത്. 1772.44 പോയിന്റാണ് ബെൽജിയത്തിനുള്ളത്.
നെതർലൻഡ്‌സ് ഏഴാം സ്ഥാനത്തും പോർച്ചുഗൽ എട്ടാം സ്ഥാനത്തുമാണുള്ളത്. ആറാം സ്ഥാനത്തുണ്ടായിരുന്ന പോർച്ചുഗൽ രണ്ട് സ്ഥാനം നഷ്ടപ്പെട്ടാണ് എട്ടാം സ്ഥാനത്തേക്ക് വീണത്. കോപ അമേരിക്കയുടെ ഫൈനലിൽ കളിച്ചതോടെ 12ാം സ്ഥാനത്തുണ്ടായിരുന്ന കൊളംബിയ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ഒൻപതാം സ്ഥാനത്തെതത്തി. 1772.32 ആണ് കൊളംബിയയുടെ പോയിന്റ്. ഇറ്റലിയാണ് പത്താം സ്ഥാനത്ത്. ക്രൊയേഷ്യ പന്ത്രണ്ടാം സ്ഥാനത്തും ജർമനി 13ാം സ്ഥാനത്തുമുണ്ട്. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയാണ് ജർമനി 13ാം സ്ഥാനത്തെത്തിയത്. അതേസമയം ഇന്ത്യയുടെ റാങ്കിങ്ങിൽ മാറ്റമില്ല. 1139.39 പോയിന്റുമായി ഇന്ത്യ 124ാം സ്ഥാനത്ത് തുടരുന്നു.