ഐ.എസ്.എൽ ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഇതുവരെ ആറ് കളിക്കാരും, കോച്ചും, അസിസ്റ്റന്റ് കോച്ചുമുൾപ്പെടെ എട്ട് പേരാണ് നാലു ദിവസത്തിനുള്ളിൽ ബ്ലാസ്‌റ്റേഴ്‌സ് വിട്ടത്. കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സിലെത്തിയ ലിത്വാനിയ ദേശീയ ടീം ക്യാപ്റ്റനും സ്‌ട്രൈക്കറുമായ ഫെദോർ ചെർണിച്ചാണ് ഇതിൽ അവസാനത്തേത്.
താരവുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കില്ല. ഐ.എസ്.എല്ലിൽ 10 മത്സരങ്ങളിലാണ് ഫെദോർ കളത്തിലറങ്ങിയത്. ലിത്വാനിയയുടെ ക്യാപ്റ്റനായ ഫെഡോർ 80ലധികം മത്സരങ്ങൾ ദേശീയ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. 12 ഗോളുകൾ താരം ലിത്വാനിയ ജഴ്‌സിയിൽ സ്വന്തമാക്കി. ബ്ലാസ്റ്റേഴ്‌സിനായി മൂന്ന് ഗോളുകൾ ഫെദോർ നേടി. കഴിഞ്ഞ സീസന് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിൽ കൊഴിഞ്ഞുപോക്ക് തുടങ്ങിയത്.
ടീമിന്റെ പരിശീലകൻ ഇവാൻ വുകമാനോവിച്ച് സീസൺ അവസാനിച്ചതിനു പിന്നാലെ ക്ലബ്ബ് വിട്ടിരുന്നു. തൊട്ടുപിന്നാലെ ഡിമിത്രിയോസ് ഡയമന്റകോസ് ക്ലബ് വിട്ടു. അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ, ഗോൾ കീപ്പർമാരായ കരൺജിത് സിങ്, ലാറ ശർമ, ജാപ്പനീസ് മിഡ്ഫീൽഡർ ഡെയ്‌സുകി സകായ്, മാർക്കോ ലെസ്‌കോവിച്ച് എന്നിവരും ബ്ലാസ്റ്റേഴ് വിട്ടിരുന്നു.
പുതിയ പരിശീലകന്റെ കീഴിൽ ബ്ലാസ്‌റ്റേഴ്‌സിൽ അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായാണ് ഈ കൊഴിഞ്ഞുപോക്കെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. വുകോമനോവിച്ചിനു പകരം മിക്കേൽ സ്റ്റാറേ പരിശീലകനായി എത്തിയതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സിൽ കൂട്ട കൊഴിഞ്ഞുപോക്കെന്നത് അഴിച്ചുപണിയുടെ സാധ്യത വർധിപ്പിക്കുന്നു. പുതിയ കോച്ചും, പുതിയ താരങ്ങളുമായി ടീം ശക്തിപ്പെടുത്തുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ശ്രമങ്ങളെന്നാണ് ലഭിക്കുന്ന വിവരം.