കോപാ അമേരിക്കക്ക് മുന്നോടിയായുള്ള അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ഗ്വാട്ടിമലക്കെതിരേ മിന്നും ജയം നേടിയാണ് അര്‍ജന്റീന കോപാ അമേരിക്കക്ക് മുന്‍പ് വരവറിയിച്ചത്. 4-1 എന്ന സ്‌കോറിനായിരുന്നു ലോകകപ്പ് ചാംപ്യന്‍മാരുടെ ജയം. ഇരട്ട ഗോളും ഒരു അസിസ്റ്റുമായി മെസ്സി കളംനിറഞ്ഞു കളിച്ചു.
നാലാം മിനുട്ടില്‍ അര്‍ജന്റൈന്‍ പ്രതിരോധ താരം ലിസാന്ദ്രോ മാര്‍ട്ടിനസിന്റെ സെല്‍ഫ് ഗോളില്‍ ഗ്വാട്ടിമലയായിരുന്നു ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ആദ്യ പകുതിയില്‍തന്നെ ഇതിനെ മറികടക്കാന്‍ അര്‍ജന്റീനക്ക് കഴിഞ്ഞു. 12ാം മിനുട്ടില്‍ ലയണല്‍ മെസ്സിയായിരുന്നു സമനില ഗോള്‍ നേടിയത്. മത്സരം പുരോഗമിക്കവെ 39ാം മിനുട്ടില്‍ അര്‍ജന്റീനക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു.
കിക്കെടുത്ത ലൗതാരോ മാര്‍ട്ടിനസിന് പിഴച്ചില്ല. സ്‌കോര്‍ 2-0. രണ്ടാം പകുതിക്ക് ശേഷവും അര്‍ജന്റീന ഗോള്‍വേട്ട തുടര്‍ന്നു. 66ാം മിനുട്ടില്‍ മെസ്സിയുടെ പാസില്‍നിന്ന് മാര്‍ട്ടിനസ് തന്റെ രണ്ടാം ഗോളും നേടിയതോടെ സ്‌കോര്‍ 3-1 എന്നായി. 77ാം മിനുട്ടില്‍ ഡി മരിയയുടെ പാസില്‍നിന്നായിരുന്നു അര്‍ജന്റീനയുടെ നാലാം ഗോളും മെസ്സിയുടെ രണ്ടാം ഗോളും പിറന്നത്.
മത്സരത്തില്‍ 72 ശതമനാവും പന്ത് കൈവശംവെച്ച് കളിച്ച അര്‍ജന്റീന മികച്ച ജയമായിരുന്നു നേടിയത്. 19 ഷോട്ടുകള്‍ അര്‍ജന്റീന എതിര്‍ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തു. അതില്‍ 10 എണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. ജൂണ്‍ 21ന് കാനഡക്കെതിരേ കോപാ അമേരിക്കയിലാണ് അര്‍ജന്റീനക്ക് ഇനിയുള്ള അടുത്ത മത്സരം. കോപാ അമേരിക്കക്കുള്ള ടീം രണ്ട് ദിവസനത്തിനുള്ളില്‍ പരിശീലകന്‍ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചേക്കും.