ടി20 ലോകകപ്പിലെ മോഹ ജയവുമായി എത്തിയ നേപ്പാളിനെ നിരാശരാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് രാവിലെ നടന്ന രണ്ടാം മത്സരത്തിൽ നേപ്പാളിനെ ഒരു റണ്ണിന് തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക കുഞ്ഞൻമാരുടെ അട്ടിമറി മോഹത്തെ തകിടം മറിച്ചത്.
ആവേശം അലതല്ലിയ മത്സരത്തിന്റെ അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്നു. ടോസ് നേടിയ നേപാൾ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. കൃത്യമായി പന്തെറിഞ്ഞ നേപ്പാൾ ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറിൽ ഒതുക്കി.
49 പന്തിൽ 43 റൺസെടുത്ത റീസ ഹെൻട്രിക്‌സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. മറുപടിക്കിറങ്ങിയ നേപ്പാൾ ശക്തമായ പോരാട്ടം നടത്തിയെങ്കിലും ഒരു റൺ അകലെ പോരാട്ടം അവസാനിക്കുകയായിരുന്നു.
നേപ്പാൾ ജയിക്കുമെന്ന് തോന്നിച്ചിരുന്നെങ്കിലും 19ാം ഓവറിർ പ്രധാനപ്പെട്ട വിക്കറ്റ് നഷ്ടപ്പെട്ടതായിരുന്നു നേപ്പാളിന് വിനയായത്. 49 പന്തിൽ 42 റൺസെടുത്ത ആസിഫ് ഷെയ്ക്കാണ് നേപ്പാളിന്റെ ടോപ് സ്‌കോറർ. 17ന് ബംഗ്ലാദേശിനെതിരേയാണ് നേപാളിന്റെ ടൂർണമെന്റിലെ അവസാന മത്സരം.