ഒളിംപിക്‌സിലെ ഏറ്റവും ചൂടേറിയ മത്സരം ഇന്ന്
ഒരുപക്ഷെ പാരിസ് ഒളിംപിക്‌സിലെ ഏറ്റവും ചൂടേറിയ മത്സരമാകും ഇന്നത്തെ അർജന്റീന-ഫ്രാൻസ് മത്സരം. വെറുമൊരു ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ മത്സരമെന്നതിനപ്പുറത്ത് ഒരുപാട് കാര്യങ്ങൾകൊണ്ട് പ്രത്യേകതയുള്ളതാണ് അർജന്റീനയുടെയും ഫ്രാൻസിന്റെയും പോരാട്ടം. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ച് കിരീടം സ്വന്തമാക്കിയ അർജന്റീനക്ക് മറുപടി നൽകാനുള്ള ഒരുക്കത്തിലാണ് ഫ്രാൻസ് എത്തുന്നത്.
ആതിഥേയർ എന്ന നിലവിൽ ഇന്ന് ഫ്രാൻസിന് കൂടുതൽ ഗാലറി സപ്പോർട്ട് ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. കൂടാതെ കോപാ അമേരിക്ക വിജയത്തിന് ശേഷം നടന്ന വിവാദങ്ങളും ഇന്നത്തെ മത്സരത്തിനിടയിൽ ചർച്ചയാകുമെന്ന കാര്യത്തിൽ തർക്കമില്ല. കോപാ അമേരിക്ക ഫുട്‌ബോളിന് ശേഷം എൻസോ ഫെർണാണ്ടസ് ഫ്രാൻസിലെ കറുത്ത വർഗക്കാരായ ഫുട്‌ബോൾ താരങ്ങളെ അപമാനിച്ചത് വലിയ വാർത്തയായിരുന്നു.
തുടർന്ന് എൻസോ മാപ്പു പറഞ്ഞെങ്കിലും അതിന്റെ അനുരണനങ്ങളായിരുന്ന അർജന്റീന-മൊറോക്കോ മത്സരത്തിനിടെ കണ്ടത്. അർജന്റീനൻ കളിക്കാരെ പലരും കൂകി വിളിക്കുകയും അക്രമിക്കുകയും ചെയ്തു. അതിനാൽ ഇന്നത്തെ മത്സരത്തിനായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. നിലവിൽ അർജന്റീനയും ഫ്രാൻസും തമ്മിലുള്ള മത്സരം യുദ്ധ സമാനമാകുമെന്നുറപ്പുള്ളതിനാൽ മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് പരിസരത്തും സ്റ്റേഡിയത്തിനകത്തും കനത്ത സുരക്ഷ ഏർപ്പെടുത്തിയാണ് മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
രാത്രി 12.30നാണ് അർജന്റീന-ഫ്രാൻസ് പോരാട്ടം നടക്കുന്നത്. അർജന്റീനയും ഫ്രാൻസും ഇതുവരെ 12 മത്സരങ്ങളാണ് നേരിട്ട് കൊമ്പുകോർത്തിട്ടുള്ളത്. അതിൽ ആറെണ്ണത്തിൽ ലോക ചാംപ്യൻമാർക്കൊപ്പമായിരുന്നു ജയമെങ്കിൽ മൂന്നെണ്ണത്തിൽ ഫ്രാൻസ് ജയിക്കുകയും മൂന്ന് മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. നിക്കോളാസ് ഒട്ടാമെൻഡി നയിക്കുന്ന അർജന്റീനയും ലകാസട്ടെയുടെ നേതൃത്വതിൽ ഇറങ്ങുന്ന ഫ്രാൻസും ഇന്ന് കളത്തിലെത്തുമ്പോൾ രാത്രി വലിയൊരു പോരാട്ടം പ്രതീക്ഷിക്കാം.
ഗ്രൂപ്പ് എയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു ഫ്രാൻസ് ക്വാർട്ടർ ഉറപ്പിച്ചതെങ്കിൽ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായിട്ടാണ് അർജന്റീനയുടെ വരവ്. വൈകിട്ട് 6.30ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ മൊറോക്കോയും അമേരിക്കയും ഏറ്റുമുട്ടും. രാത്രി 8.30ന് ജപ്പാൻ സ്‌പെയിനിനെ നേരിടുമ്പോൾ രാത്രി പത്തിന് ഈജിപ്തും പരാഗ്വെയും തമ്മിലാണ് മത്സരം.