കോപാ അമേരിക്ക ടൂർണമെന്റിലെ ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ പൂർത്തിയായതോടെ ഗ്രൂപ്പിൽനിന്ന് ആരെല്ലാം ക്വാർട്ടറിൽ പ്രവേശിക്കുമെന്ന കാര്യത്തിൽ തീരുമാനമായി. മൂന്ന് മത്സരത്തിൽനിന്ന് ഒൻപതു പോയിന്റുമായി ഗ്രൂപ്പ് ചാംപ്യൻമാരായ വെനസ്വേലയും മൂന്ന് മത്സരത്തിൽനിന്ന് നാലു പോയിന്റുള്ള ഇക്വഡോറുമാണ് ബി ഗ്രൂപ്പിൽനിന്ന് ക്വാർട്ടറിലേക്ക് മുന്നേറിയത്.
അഞ്ചിന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളി. രണ്ടാം ക്വാർട്ടറിൽ ഗ്രൂപ്പ് ചാംപ്യൻമാരായ വെനസ്വേല കാനഡയേയും നേരിടും. ഇന്ന് നടന്ന മത്സരത്തിൽ ഇക്വഡോർ മെക്‌സിക്കോയെ ഗോൾരഹിത സമനിലയിൽ തളച്ചതോടെയായിരുന്നു ഇക്വഡോർ ക്വാർട്ടർ ഉറപ്പിച്ചത്. മത്സരത്തിൽ 60 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് മെക്‌സിക്കോയായിയരുന്നു.
എന്നാൽ മെക്‌സിക്കോയെ ശക്തമായി പ്രതിരോധിച്ച് നിന്നതോടെ അവർ ക്വാർട്ടറിൽ പ്രവേശിക്കുകയായിരുന്നു. മെക്‌സിക്കോ 19 ഷോട്ടുകളും ഇക്വഡോറിന്റെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു വെനസ്വേല ജമൈക്കയെ തോൽപിച്ചത്. ഗ്രൂപ്പിൽ കളിച്ച മൂന്ന് മത്സരത്തിലും മികച്ച ജയം സ്വന്തമാക്കിയാണ് വെനസ്വേല ഗ്രൂപ്പ് ചാംപ്യൻമാരായി ക്വാർട്ടറിൽ പ്രവേശിച്ചത്.
മൂന്ന് മത്സരത്തിലും തോറ്റ ജമൈക്ക നേരത്തെ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ്ഘട്ടത്തിലെ അവസാന മത്സരത്തിൽ പെറുവിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയമായിരുന്നു അർജന്റീന നേടിയത്. രണ്ടാം മത്സരത്തിൽ ചിലിയെ തോൽപിച്ചതോടെ അർജന്റീന ക്വാർട്ടർ ഉറപ്പിച്ചിരുന്നു. അതേസമയം പരുക്കേറ്റ മെസ്സി ക്വാർട്ടറിൽ കളിക്കുമോ എന്ന കാര്യം വ്യക്തമല്ല.