ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മിർപൂരിൽ നടക്കാനിരിക്കുന്ന മത്സരമായിരിക്കും തന്റെ അവസാന ടെസ്റ്റ് മത്സരമെന്ന് ഷാക്കിബ് അറിയിച്ചു. 2024 ലോകകപ്പോടെ ടി20 ക്രിക്കറ്റിൽ നിന്ന് താൻ വിരമിച്ചുവെന്നും ഷാക്കിബ് പ്രഖ്യാപിച്ചു. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട് സംസാരിക്കവെയാണ് 37കാരനായ ഷാക്കിബ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
‘മിർപൂരിൽ തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കണമെന്ന ആഗ്രഹം ഞാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങൾ കൊണ്ട് മിർപൂരിൽ കളിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യയുമായുള്ള രണ്ടാം ടെസ്റ്റ് മത്സരത്തോടെ ഞാൻ ടെസ്റ്റ് ക്രിക്കറ്റ് അവസാനിപ്പിക്കും. എന്റെ അവസാനത്തെ ടി20 മത്സരവും ഞാൻ കളിച്ചുകഴിഞ്ഞു’, ഷാക്കിബ് പറഞ്ഞു.
2007ൽ ഇന്ത്യയ്‌ക്കെതിരെയായിരുന്നു ഷാക്കിബിന്റെ ടെസ്റ്റ് അരങ്ങേറ്റം.
ബംഗ്ലാദേശിന് വേണ്ടി 70 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഷാക്കിബ് മികച്ച ഓൾറൗണ്ടർമാരിലൊരാളാണ്. 70 മത്സരങ്ങളിൽ നിന്ന് ഒരു ഡബിൾ സെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയും 31 അർധ സെഞ്ച്വറിയും ഉൾപ്പടെ 4600 റൺസാണ് ഷാക്കിബ് അടിച്ചുകൂട്ടിയിട്ടുള്ളത്. ടെസ്റ്റിൽ 242 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.2006ൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് ഷാക്കിബ് ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 2007ലെ ആദ്യ ടി20 ലോകകപ്പ് മുതൽ 2024 ലോകകപ്പ് വരെ 129 ടി20 മത്സരങ്ങളിൽ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ടി20 ക്രിക്കറ്റിൽ 13 അർധ സെഞ്ച്വറികൾ ഉൾപ്പടെ 2551 റൺസും 149 വിക്കറ്റും ഷാക്കിബിന്റെ പേരിലുണ്ട്.